15 January, 2024 10:16:44 AM
അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ച ബൈക്ക് യാത്രക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു
പാലക്കാട്: ആലത്തൂരില്‍ ബൈക്കിടിച്ച് പരുക്കേറ്റ കാല്‍നടയാത്രികനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ഏര്‍പ്പാടാക്കിയതിന് പിന്നാലെ ബൈക്ക് ഓടിച്ചിരുന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. തോണിപ്പാടം ചിറാക്കോട് വീട്ടില്‍ പരേതനായ മല്ലായിയുടെയും പാറുവിന്‍റെയും മകന്‍ ലക്ഷ്മണന്‍ (49) ആണ് മരിച്ചത്. തലയ്ക്കുള്ളിലേറ്റ ക്ഷതത്തെത്തുടര്‍ന്നാണ് മരണം. ദേശീയപാതയിലെ വാനൂരില്‍ കഴിഞ്ഞ ദിവസം രാത്രിയിലാരുന്നു അപകടം.
വാനൂര്‍ നെല്ലിയാംകുന്നം കലാധരനാണ് (38) ലക്ഷ്മണന്‍റെ ബൈക്കിടിച്ച് പരിക്കേറ്റത്. കീഴ്പാടത്തെ സ്വകാര്യ ലോഡ്ജ് മാനേജരായ ലക്ഷ്മണന്‍ തോണിപ്പാടത്തെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്ന് രണ്ട് പേരും നിലത്തുവീണു. നാട്ടുകാരെ കൊണ്ട് ആംബുലന്‍സ് എത്തിച്ചാണ് കലാധരനെ ലക്ഷ്മണന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ശേഷം ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങളെല്ലാം ഏര്‍പ്പാട് ചെയ്തു. അപകടവിവരം വീട്ടില്‍ അറിയിക്കുന്നതിനായി ഫോണ്‍ ചെയ്യുന്നതിനിടെ ലക്ഷ്മണന്‍ കുഴഞ്ഞുവീഴുകയായിരുന്നു.
തലയ്ക്കുള്ളിലേറ്റ ഗുരുതര ക്ഷതമാണ് മരണകാരണകാരമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കലാധരന്‍റെ കാലുകളുടെ എല്ലുകള്‍ പൊട്ടിയിരുന്നു. ഇയാളെ ജില്ലാ ആശുപത്രിയില്‍ നിന്ന് പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ലക്ഷ്മണന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. ഭാര്യ: സരിത. മക്കള്‍: ശ്രീലക്ഷ്മി, ശ്രീക്കുട്ടി, പരേതയായ ശ്രീമോള്‍. സഹോദരങ്ങള്‍: മാണിക്കന്‍, രാമനാഥന്‍, കേശവന്‍, തങ്ക, പ്രേമ, സുലോചന, ഉഷ, പരേതനായ ശശീന്ദ്രന്‍.