25 February, 2025 04:08:24 PM


ഹരിത കർമ്മസേന വാഹനത്തില്‍ മാലിന്യം കയറ്റുന്നതിനിടെ അപകടം; ചികിത്സയിലിരിക്കെ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു



പാലക്കാട്: ഹരിത കർമ്മ സേനയുടെ ട്രാക്ടറിൽ നിന്ന് വീണ ചാക്കിൽ തട്ടിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയുടെ കുഞ്ഞ് മരിച്ചു. മുട്ടികുളങ്ങര സ്വദേശിനി അജീനയുടെ ഇരട്ടക്കുട്ടികളിൽ ആൺകുഞ്ഞാണ് മരിച്ചത്. 

ഏഴുമാസം ഗർഭിണിയായിരിക്കെയായിരുന്നു അജീനയ്ക്ക് അപകടം സംഭവിച്ചത്. ഇതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. അജീനയും ഭർത്താവും ഇരുചക്രവാഹനത്തില്‍ പോകവെയാണ് അപകടമുണ്ടായത്.

അപകടം കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ 19-നായിരുന്നു മുട്ടികുളങ്ങരയിൽ വെച്ച് അപകടം നടന്നത്. അലക്ഷ്യമായി വാഹനം പാർക്ക് ചെയ്ത്, ഹരിത കർമ്മ സേനാംഗങ്ങൾ മാലിന്യം കയറ്റുന്നതിനിടെ ചാക്ക് റോഡിലേക്ക് വീഴുകയായിരുന്നു.

അപകടത്തിൽ അജീനയുടെ ഭർത്താവ് വിഷ്ണുവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. വീഴ്ച സംഭവിച്ച ഹരിത കർമ്മ സേനാംഗത്തിന് എതിരെ നടപടി സ്വീകരിക്കാത്തതിന് ഇന്നലെ ബിജെപിയുടെ നേതൃത്വത്തിൽ പുതുപ്പരിയാരം പഞ്ചായത്തിലേക്ക് പ്രതിഷേധം നടന്നിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K