28 February, 2025 02:33:31 PM
പി വി അന്‍വറിനോടൊപ്പം നിന്ന മിന്‍ഹാജ് ഇനി സിപിഐഎമ്മിനോടൊപ്പം

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മത്സരിച്ച മിന്‍ഹാജ് സിപിഐഎമ്മില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ നാല് കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ് മിന്‍ഹാജ്. തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ കക്ഷിയായതുകൊണ്ടാണ് അന്‍വറിനൊപ്പം ഡിഎംകെയില്‍ ചേര്‍ന്നത്. ഉപതിരഞ്ഞെടുപ്പിന് ശേഷം ഡിഎംകെ സഹകരിക്കില്ലെന്ന് മനസ്സിലായി. പിന്നീട് തൃണമൂലിലേക്ക് മാറി. എന്നാല്‍ തൃണമൂല്‍ എന്‍ഡിഎയില്‍ ചേരുമെന്ന ഭയമുണ്ട്. അതിനാലാണ് രാജിയെന്ന് മിന്‍ഹാജ് പ്രതികരിച്ചു. ടിഎംസിയുടെ പാലക്കാട്ടെ പ്രവര്‍ത്തകരും തനിക്കൊപ്പം സിപിഐഎമ്മില്‍ ചേരുമെന്ന് മിന്‍ഹാജ് അവകാശപ്പെട്ടു. കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഭാരവാഹികളും പാര്‍ട്ടി വിട്ടേക്കും. സിപിഐഎം യാതൊരു ഓഫറുകളും നല്‍കിയിട്ടില്ലെന്നും മിന്‍ഹാജ് പറഞ്ഞു.
കൂടുതൽ പ്രവർത്തകരും സിപിഎമ്മിൽ വരുമെന്നും ഇനിയുള്ള കാലം സിപിഎമ്മിനൊപ്പം പ്രവർത്തിക്കുമെന്നും തൃണമൂൽ പ്രവർത്തകരെ ഉൾപ്പെടുത്തി വിപുലമായ കൺവെൻഷൻ നടത്തുമെന്നും സ്ഥനമാനങ്ങൾക്കല്ല സി പി എമ്മിലെത്തിയതെന്നും മിൻഹാജ് പറഞ്ഞു.മിൻഹാജിനെ സി പി എം സംരക്ഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. മിൻഹാജിനെ പാർട്ടി പരിഗണിക്കും.ഉചിതമായ രീതിയിൽ പാർട്ടി മിൻഹാജിന് പരിഗണന നൽകുമെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു.