13 March, 2025 04:18:58 PM


സുഹൃത്തിന് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയ യുവാവ് അപകടത്തിൽ മരിച്ചു



കുമ്പള: ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൃത്തിന് കൂട്ടിരിക്കാൻ പോയ യുവാവ് സ്കൂട്ടറിന് പിന്നിൽ ട്രക്ക് ഇടിച്ച് മരിച്ചു. ബേക്കൂർ കണ്ണാടി പാറയിലെ കെദങ്കാറ് ഹനീഫിന്റെ മകൻ മുഹമ്മദ് അൻവാസ് (25) ആണ് മരിച്ചത്. ഉപ്പളയിലെ മൊബൈൽ കടയിൽ ജീവനക്കാരനായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അംഗടിമുഗറിലെ ഫസൽ റഹ്മാനെ പരിക്കുകളോടെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെ കുഞ്ചത്തൂരിനടുത്ത് വച്ചാണ് അപകടം. ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൃത്തിന് കൂട്ടിരിക്കാൻ എത്തിയതായിരുന്നു ഇരുവരും. രാത്രി ആശുപത്രിയിൽ തങ്ങിയശേഷം പുലർച്ചെ സ്കൂട്ടർ ചാർജ് ചെയ്യുന്നതിന് തലപ്പാടിയിലെ ചാർജിങ് പോയിന്റിലേക്ക് പോകവേ ആയിരുന്നു അപകടം.

ട്രക്കിടിച്ച് റോഡിൽ തെറിച്ചു വീണ ഇരുവരെയും ഉടൻ തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അൻവാസിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടം വരുത്തിയ ട്രക്ക് മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. നഫീസയാണ് മുഹമ്മദ് അൻവാസിന്റെ മാതാവ്. സഹോദരി: അൻസിഫ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K