24 March, 2025 08:52:42 AM
സൂരജ് വധക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. സിപിഐഎം പ്രവർത്തകരാണ് സൂരജിനെ കൊലപ്പെടുത്തിയത്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കേസിലെ 12 പ്രതികളിൽ 9 പേർ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. കേസിലെ പത്താം പ്രതി നാഗത്താൻകോട്ട പ്രകാശനെ കോടതി വെറുതെ വിട്ടു. പ്രതികളിൽ രണ്ടുപേർ വിചാരണവേളയിൽ മരണപ്പെട്ടവരാണ്.
ടി പി കേസ് പ്രതി ടി കെ.രജീഷും മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജിന്റെ സഹോദരൻ മനോരാജ് നാരായണനും ഉൾപ്പെടെയുള്ളവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. എന്നാൽ പ്രതിചേർക്കപ്പെട്ടവരെല്ലാം നിരപരാധികൾ ആണെന്നാണ് സിപിഐഎം ആവർത്തിക്കുന്നത്. കണ്ണൂരിൽ ബിജെപി പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ നിരപരാധികളാണെന്ന് കഴിഞ്ഞ ദിവസം സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വ്യക്തമാക്കിയിരുന്നു. ടി കെ രജീഷ് ഉൾപ്പെടെയുള്ളവരെ മനപൂർവ്വം പ്രതി ചേർത്തതാണെന്നും നിരപരാധികളെ ശിക്ഷിച്ചാൽ അപ്പീൽ നൽകുമെന്നും ജയരാജൻ പറഞ്ഞിരുന്നു. എല്ലാവരും നിരപരാധികൾ ആണെന്നാണ് പാർട്ടി നിലപാട് എന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തിരുന്നു.
2005 ഒക്ടോബർ ഏഴിനായിരുന്നു സൂരജ് കൊല്ലപ്പെട്ടത്. മുഴപ്പിലങ്ങാട് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊല്ലുകയായിരുന്നു. ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. ഇതിന് ആറ് മാസം മുൻപും സൂരജിനെ കൊല്ലാൻ ശ്രമം നടന്നിരുന്നു. അന്ന് കാലിനായിരുന്നു വെട്ടേറ്റത്. ഇതിന് ശേഷം സൂരജ് ആറ് മാസം കിടപ്പിലായിരുന്നു. പിന്നീട് പുറത്തിറങ്ങിയപ്പോഴായിരുന്നു സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഐഎം പ്രവർത്തകനായിരുന്ന സൂരജ് ബിജെപിയിൽ ചേർന്നതിന്റെ പകയാണ് കൊലയ്ക്ക് കാരണമായതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. തുടക്കത്തിൽ പത്ത് പേർക്കെതിരെയായിരുന്നു കേസ്. ടി കെ രജീഷിന്റെ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പിന്നീട് പ്രതി ചേർക്കുകയായിരുന്നു.