12 February, 2024 10:09:24 AM


ബേലൂര്‍ മഖ്‌ന മണ്ണുണ്ടി കോളനിക്ക് സമീപം; ട്രാക്ക് ചെയ്തതായി വനം വകുപ്പ്



മാനന്തവാടി: വയനാട് ഭീതി പടര്‍ത്തിയ കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ആനയെ ട്രാക്ക് ചെയ്തതായി വനം വകുപ്പ് വ്യക്തമാക്കി. മണ്ണുണ്ടി കോളനിക്ക് സമീപത്തെ വനത്തിലാണ് നിലവില്‍ ആനയുള്ളത്. ദൗത്യസംഘം വനത്തിനുള്ളിൽ ആനയെ കണ്ടെങ്കിലും മറ്റ് ആനകള്‍ കൂടെ ഉള്ളതിനാല്‍ വെടിവയ്ക്കുക ദുഷ്‌കരമാണെന്നാണ് റിപ്പോര്‍ട്ട്.

ട്രീ ഹട്ടില്‍ നിന്ന് ബേലൂര്‍ മഖ്‌നയെ നിരീക്ഷിക്കും. കര്‍ണാടക വനത്തിലേക്ക് ആന കടക്കാതിരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സാഹചര്യം അനുകൂലമായാൽ ഉടൻ മയക്കുവെടി വയ്ക്കും. ഏറുമാടത്തിനു മുകളിൽ കയറി വെടിവയ്ക്കാനാണ് ശ്രമമെന്ന് ഡിഎഫ്ഒ മാർട്ടിൻ ലോവൽ അറിയിച്ചു. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ബാവലിയിൽ യോഗം ചേരുകയാണ്.

ഇന്നലെ 13 ടീമുകളുടെ ജാഗ്രതയില്‍ ആന ജനവാസ മേഖലയില്‍ എത്തിയില്ല. 300 മീറ്ററിനുള്ളില്‍ ആനയുടെ സിഗ്നല്‍ ലഭിക്കും. കര്‍ണാടക വനത്തിലേക്ക് ആന കടക്കാതിരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.

മണ്ണുണ്ടിയില്‍ വെച്ച് തന്നെ ആനയെ മയക്കുവെടി വെക്കാനാണ് പ്ലാന്‍. മയക്കുവെടി വെച്ച ശേഷം ആനയെ മുത്തങ്ങയിലേക്കാകും കൊണ്ടുപോകുക. ഇന്നലെ ആനയുടെ 100 മീറ്റര്‍ അടുത്തെത്തിയിരുന്നു. കുംകിയാനകളുടെ സഹായത്തോടെയെ മയക്കുവെടി വെക്കാനാകൂ എന്നും ദൗത്യം പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ഡിഎഫ്ഒ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K