24 October, 2024 04:24:41 PM
ദിവ്യയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി 29-ന്
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി വെച്ചു. ഈ മാസം 29നാണ് വിധി പറയുക. നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും പരാതിക്കാരനായ ഗംഗാധരന്റെയും വാദങ്ങള്‍ കേട്ടതിന് ശേഷം കോടതി വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വ്യക്തിഹത്യയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കുമാര്‍ വാദിച്ചു. ക്ഷണിച്ചില്ലെന്ന് കളക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും വഴിയെ പോകുന്നതിനിടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് ദിവ്യ പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
'രണ്ട് ദിവസത്തിനകം കാണാം എന്ന് പറഞ്ഞത് ഭീഷണിയാണ്. സ്വകാര്യ പരിപാടിയിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിക്കാന്‍ ദിവ്യയ്ക്ക് എന്താണ് അധികാരം. ദിവ്യ പങ്കെടുത്തത് പൊതുപരിപാടി അല്ല. പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്. കളക്ടര്‍ക്ക് പരിപാടിയില്‍ റോള്‍ ഇല്ല. യാത്രയയപ്പ് ചടങ്ങ് സ്വകാര്യ പരിപാടിയാണ്. കളക്ടറോട് ദിവ്യ എഡി എമ്മിനെതിരെ പരാതി രാവിലെ തന്നെ പറഞ്ഞിരുന്നു. യാത്രയയപ്പ് യോഗത്തില്‍ ഇക്കാര്യം പറയേണ്ടെന്ന് കളക്ടര്‍ ദിവ്യയോട് പറഞ്ഞു. ദിവ്യയ്ക്ക് പരാതിയുണ്ടെങ്കില്‍ അധികാരികളോട് അറിയിക്കാമായിരുന്നു', പ്രോസിക്യൂഷന്‍ വാദിച്ചു.