23 October, 2024 07:11:33 PM


കന്നിയങ്കത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു



വയനാട്: വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കന്നി അങ്കത്തിനു ഇറങ്ങുന്ന പ്രിയങ്ക മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. പൂര്‍ണ പിന്തുണയുമായി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കും മകനും പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റില്‍ എത്തിയിരുന്നു.

ആവേശോജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വയനാടിനെ കൈവിടില്ലെന്നും ഏത് സങ്കടത്തിലും സന്തോഷത്തിലും ഒപ്പമുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഇത് എന്റെ പുതിയ യാത്രയാണ്. ഇതിൽ നിങ്ങൾ ഓരോരുത്തരും ഗുരുക്കൻമാരാണ്. രാഹുലിന് പോരാടാനുള്ള കരുത്ത് നൽകിയത് വയനാടാണ്. എന്‍റെ കുടുംബം വയനാടിനോട് എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.


രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജുൻ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയ നിരവധി പേര്‍ കല്‍പ്പറ്റയിലെ പൊതുപരിപാടിയിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K