29 October, 2024 09:13:42 AM


നീലേശ്വരം അപകടം; കേസെടുത്തു, വെടിക്കെട്ട് നടത്തിയത് അനുമതി ഇല്ലാതെയെന്ന് ജില്ലാ കളക്ടർ



നീലേശ്വരം: വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടായ തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനായി അനുമതിയുണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നില്ല. സംഘാടകരെ കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വെടിക്കെട്ട് നടത്തിയ സ്ഥലവും പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലവും അടുത്തടുത്തായിരുന്നു. മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. 100 മീറ്റര്‍ വേണമെന്നാണ് നിയമമെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്ന് രണ്ടോ മൂന്നോ അടി അകലെ വച്ച് പടക്കം പൊട്ടിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വേണ്ട സുരക്ഷാ നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. വെടിക്കെട്ട് നടത്തുന്നതിന്റെ സമീപത്ത് തന്നെ പടക്കങ്ങള്‍ സൂക്ഷിച്ചതാണ് അപകടകാരണം. സ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ചുവെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.


അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.  സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തത്.  വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.

സംഭവത്തില്‍ 154 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി 12 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മാരകമായി പൊള്ളലേറ്റവരെ മംഗളൂരു, കണ്ണൂര്‍, കോഴിക്കോട് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ചിലരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീണതോടെ വെടിപ്പുര ഒന്നാകെ പൊട്ടിത്തെറിക്കുകയായിരുന്നു. ക്ഷേത്ര മതിലിനോടു ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനു സമീപം സ്ത്രീകളും കുട്ടികളുമുള്‍പ്പെടുയുള്ളവര്‍ തെയ്യം കാണാന്‍ കൂടി നിന്നിരുന്നു. ഇവര്‍ക്കെല്ലാം പൊള്ളലേറ്റു. പടക്ക ശേഖരം പൊട്ടിത്തെറിച്ച് വലിയ തീ ഗോളമായി മാറി. പലര്‍ക്കും മുഖത്തും കൈകള്‍ക്കുമാണ് പൊള്ളലേറ്റത്.














Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953