24 October, 2024 08:55:00 AM
നവീന്‍ ബാബുവിന്‍റെ മരണം: പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ ടി നിസാര്‍ അഹമ്മദ് ആണ് ഹര്‍ജി പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ബാബുവിന്റെ കുടുംബവും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
ഇരുഭാഗത്തേയും വാദം ഇന്ന് കോടതി കേള്‍ക്കും. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണ് നവീന്‍ബാബുവിന്റെ കുടുംബം ആവശ്യപ്പെടുന്നത്. ദിവ്യയ്ക്കു വേണ്ടി അഡ്വ. കെ. വിശ്വനാണ് ഹാജരാകുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്കുമാര്‍ ഹാജരാകും. പൊലീസ് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കും. കേസില്‍ കക്ഷിചേര്‍ന്ന നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോണ്‍ എസ് റാല്‍ഫ് ഹാജരാകും.
ദിവ്യ 18-നാണ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ദിവ്യയ്‌ക്കെതിരേ ചുമത്തിയത്. കലക്ടര്‍ ക്ഷണിച്ചിട്ടാണ് എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തതെന്നാണ് ദിവ്യ ജാമ്യാപേക്ഷയില്‍ വ്യക്തമായിട്ടുള്ളത്. എന്നാല്‍ ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നാണ് കലക്ടര്‍ പറയുന്നത്. കേസില്‍ കലക്ടറുടെ അടക്കം മൊഴിയെടുത്തെങ്കിലും ദിവ്യയെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.