14 February, 2024 11:15:08 AM


ദൗത്യസംഘത്തിന് വെല്ലുവിളിയായി ബേലൂര്‍ മഖ്‌നയുടെ കൂടെ മറ്റൊരു മോഴ



മാനന്തവാടി: വയനാട്ടിൽ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെന്ന മോഴയാനയെ പിടി കൂടാനുള്ള ശ്രമങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. ബേലൂർ മഖ്നയ്ക്കൊപ്പം മറ്റൊരു മോഴയാന കൂടിയുണ്ടെന്ന് വ്യക്തമായതോടെയാണ് ദൗത്യസംഘം പ്രതിസന്ധിയിലായിരിക്കുന്നത്. 

രണ്ട് ആനകളെയും കാണാൻ വലിയ വ്യത്യാസമില്ലെന്നതാണ് പ്രധാന പ്രശ്നം. തോൽപ്പെട്ടി റോഡിലെ ഇരുമ്പുപാലത്തു നിന്ന് ദൗത്യം ആരംഭിച്ചപ്പോഴാണ് മറ്റൊരു മോഴയാന കൂടിയുണ്ടെന്ന് വ്യക്തമായത്. ബേലൂർ മഖ്നയെ മയക്കു വെടി വച്ച് പിടികൂടുന്നതിനുള്ള ശ്രമം നാലാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. 

കണ്ടെത്താൻ പ്രയാസമുള്ള അടിക്കാടുള്ള ഉൾക്കാട്ടിലൂടെയാണ് മോഴയാന സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ ഇതു വരെയും ആനയെ കൃത്യമായി ട്രാക്ക് ചെയ്ത് മയക്കു വെടി വക്കാൻ സാധിച്ചിട്ടില്ല. മൂന്നാം ദിനത്തിൽ ബേലൂർ മഖ്നയുടെ 20 മീറ്റർ അടുത്തു വരെ ദൗത്യസംഘം എത്തിയിരുന്നുവെങ്കിലും കുറ്റിക്കാടിനുള്ളിലൂടെ ആന മറഞ്ഞതിനാൽ വെടി വയ്ക്കാൻ സാധിച്ചില്ല. 

ഇതിനിടെ ദൗത്യസംഘം രണ്ടു തവണ കടുവയ്ക്കു മുന്നിൽ പെട്ടു. ഒരു തവണ പുലിയുടെ മുന്നിലും പെട്ടതായി റിപ്പോർട്ടുകളുണ്ട്. 200 അംഗ സംഘമാണ് ചൊവ്വാഴ്ച ദൗത്യത്തിൽ പങ്കാളികളായത്. ബുധനാഴ്ച രാവിലെ ദൗത്യം പുനരാരംഭിച്ചു . ദിവസങ്ങൾ കഴിഞ്ഞിട്ടും ആനയെ പിടി കൂടാൻ ആകാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K