17 February, 2024 01:59:45 PM


ടി സിദ്ദിഖിനും ഐ സി ബാലകൃഷ്ണനും നേരെ കുപ്പിവെള്ളം എറിഞ്ഞ് പുല്‍പ്പള്ളിയിലെ പ്രതിഷേധക്കാര്‍



വയനാട്: പുല്‍പ്പള്ളിയില്‍ എംഎല്‍എമാരായ ടി സിദ്ദിഖിനെയും ഐ സി ബാലകൃഷ്ണനെയും കയ്യേറ്റം ചെയ്ത് പ്രതിഷേധക്കാര്‍. ഇരുവര്‍ക്കുമെതിരെ വെള്ളക്കുപ്പിയും കസേരകളും എറിഞ്ഞു. പൊലീസിന് നേരെ ജനം ഗോബാക്ക് മുദ്രാവാക്യം ഉയര്‍ത്തി. പൊലീസ് ലാത്തി ചാര്‍ജിലും ജനം രോക്ഷത്തിലാണ്. അനുനയ ശ്രമത്തിനൊടുവില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്.

സമരക്കാര്‍ക്കും പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. നേരത്തെ വനംവകുപ്പ് ജീവനക്കാരുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാര്‍ കടുവ കടിച്ചുകൊന്ന കന്നുകാലിയുടെ ജഡം അതില്‍ വച്ചുകെട്ടി. വാഹനത്തിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് കീറുകയും ചെയ്തു. വാഹനത്തില്‍ റീത്ത് വെക്കുകയും ചെയ്തിരുന്നു. ജനങ്ങളെ നിയന്ത്രിക്കാനെത്തിയ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി.

കാട്ടുനീതി നാട്ടില്‍ വേണ്ട എന്ന് മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങളുടെ പ്രതിഷേധം. ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവും വഹിച്ചുകൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ കൂടുതല്‍ ജനങ്ങള്‍ ഇവിടേക്ക് സംഘടിച്ചു. വളരെ വൈകാരികമായാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K