10 December, 2023 04:40:37 PM
നരഭോജി കടുവയെ ആവശ്യമെങ്കിൽ വെടിവച്ച് കൊല്ലാൻ ഉത്തരവ്; സമരം അവസാനിപ്പിച്ച് നാട്ടുകാർ
വയനാട്: വയനാട്ടിൽ യുവാവിനെ കൊന്ന കടുവയെ ആവശ്യമെങ്കിൽ വെടിവച്ച് കൊല്ലാൻ ഉത്തരവ്. ആളെ കൊന്ന കടുവയെന്ന് ഉറപ്പിച്ച് മാത്രം വെടിവയ്ക്കണമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ ഉത്തരവില്‍ പറയുന്നത്. ഉത്തരവിറക്കിയതോടെ നാട്ടുകാർ സമരം അവസാനിപ്പിച്ചു. മരിച്ച പ്രജീഷിന്‍റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
ഇന്നലെ രാവിലെ പതിവുപോലെ പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കടുവയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
മൂന്ന് സംഘങ്ങളായിട്ടാണ് പ്രദേശത്ത് വനംവകുപ്പ് തിരച്ചില്‍ നടത്തുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുങ്ങിനില്‍ക്കുകയാണ്.
എട്ടുവർഷത്തിനിടെ ഏഴ് പേരാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം രണ്ട് മനുഷ്യ ജീവനകുൾ കടുവയെടുത്തത്.