17 December, 2023 04:06:38 PM


ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം 'സൂറത്ത് ഡയമണ്ട് ബോഴ്സ്' രാജ്യത്തിന് സമർപ്പിച്ചു



ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്സ് ഉ​ദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി. പുതിയ ഇന്ത്യയുടെയും സാമ്പത്തിക ശക്തിയുടെയും പ്രതീകമാണ് സൂറത്ത് വജ്രവ്യാപാര കേന്ദ്രമെന്നും പ്രധാനമന്ത്രി പറഞ്ഞു. ​അടുത്ത 25 വർഷത്തേക്ക് സർക്കാരിന് കൃത്യമായ പദ്ധതികളുണ്ടെന്ന് നരേന്ദ്രമോദി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഓഫീസ് ഹബാണ് ​ഗുജറാത്തിലെ സൂറത്തിൽ യാഥാർത്ഥ്യമായിരിക്കുന്നത്. ഖജോദ് ​ഗ്രാമത്തിലാണ് 67 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്നതാണ് 'സൂറത്ത് ഡയമണ്ട് ബോഴ്സ്'. കഴിഞ്ഞ 80 വർഷമായി ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമെന്ന ഖ്യാതി സ്വന്തമാക്കിയിരുന്ന അമേരിക്കയിലെ പെന്റ​ഗൺ കെട്ടിടത്തിനേക്കാൾ വലുപ്പം കൂടിയ കെട്ടിടമാണിത്. ​ഗിന്നസ് വേൾഡ് റെക്കോർഡിലും സൂറത്ത് ഡയമണ്ട് ബോഴ്സ് ഇടം പിടിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച 10 വികസ്വര നഗരങ്ങളിൽ ഒന്നാണ് ഇന്ന് സൂറത്ത്. ഒരു കാലത്ത് 'സൺ സിറ്റി' എന്നാണ് സൂറത്ത് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനം മൂലം അത് വജ്രനഗരമായി മാറിയിരിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. സൂറത്തിലെ ജനങ്ങൾക്ക് രണ്ട് സമ്മാനങ്ങൾ ഇന്ന് ലഭിച്ചിരിക്കുകയാണ്. സൂറത്ത് വിമാനത്താവളത്തിന് പുതിയ ടെർമിനലും അന്താരാഷ്‌ട്ര വിമാനത്താവളം എന്ന പദവിയും ലഭിച്ചുവെന്നും മോദി വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K