15 September, 2024 12:48:03 PM


മീററ്റിൽ വീട് തകർന്നുവീണ സംഭവം; 10 പേർ മരിച്ചു



മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മൂന്ന് നിലകളുള്ള വീട് തകർന്നു വീണ് ഒരു കുടുംബത്തില പത്ത് പേർ മരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. കെട്ടിട അവശിഷ്ടങ്ങൾക്കുള്ളിൽ നാല് പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെത തുടർന്ന് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേന, അഗ്നിശമന സേന, പൊലീസ് സംഘങ്ങൾ സ്ഥലത്തുണ്ട്.

മീററ്റിലെ സാകിർ നഗറിൽ ശനിയാഴ്ച വൈകുന്നേരം 5.15നാണ് അപകടം സംഭവിച്ചത്. ഇതേ കെട്ടിടത്തിൽ തന്നെ ഉടമ ഡയറി ഫാം നടത്തിയിരുന്നതായും രണ്ട് ഡസനിലധികം എരുമകൾ കൂടി കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയിട്ടുണ്ടെന്ന് അനുമാനിക്കുന്നതായി അധികൃതർ പറ‌ഞ്ഞു. കെട്ടിടത്തിനുള്ളിൽ 15 പേരുണ്ടായിരുന്നതായാണ് വിവരം. ഇവരിൽ 11 പേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ഇതിൽ ഒൻപത് പേരും ഗുരുതരമായ പരിക്കുകളെ തുടർന്ന് മരണപ്പെട്ടു. അവശേഷിക്കുന്ന നാല് പേർക്കായുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്.

ഒന്നര വയസുള്ള ഒരു പിഞ്ചുകുഞ്ഞും ആറും ഏഴും പതിനൊന്നും പതിനഞ്ചും വയസുള്ള മറ്റ് നാല് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. മീററ്റ് സോൺ അഡീഷണൽ ഡിജിപി ടി.കെ താക്കൂർ, ഡിവിഷണൽ കമ്മീഷണർ സെൽവ കുമാരി, പൊലീസ് ഐജി നചികേത ജാ, പൊലീസ് സീനിയർ എസ്.പി വിപിൻ താഠ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവ‍ർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. പ്രദേശത്തെ ഇടുങ്ങിയ വഴികൾ കാരണം ജെ.സി.ബി പോലുള്ള വാഹനങ്ങൾ എത്തിച്ച് കെട്ടിട അവശിഷ്ടങ്ങൾ നീക്കാൻ സാധിക്കാത്തത് പ്രധാന വെല്ലുവിളിയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K