10 March, 2025 12:28:26 PM
തെലങ്കാന ടണൽ ദുരന്തം; മൃതദേഹം തിരിച്ചറിഞ്ഞു

ഹൈദരാബാദ്: തെലങ്കാനയിലെ നാഗർ കുർണൂലിൽ തകർന്ന തുരങ്കത്തിനകത്ത് നിന്ന് പുറത്തെടുത്ത മൃതദേഹം തിരിച്ചറിഞ്ഞു. പഞ്ചാബ് സ്വദേശിയായ എൻജിനീയർ ഗുർപ്രീത് സിങിന്റെ മൃതദേഹമാണ് ഞായറാഴ്ച പുറത്തെടുത്തത്. എസ്‌എൽബിസി തുരങ്കത്തിന്റെ ബോറിങ് മെഷീൻ ഓപ്പറേറ്റ് ചെയ്യുന്ന അമേരിക്കൻ കമ്പനിയിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഗുർപ്രീതിന്റെ കുടുംബത്തിന് തെലങ്കാന സർക്കാർ 25 ലക്ഷം രൂപ ആശ്വാസ ധനം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം തുരങ്കത്തിനകത്ത് അവശേഷിക്കുന്ന ഏഴു മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമം ഊർജിതമായി നടക്കുകയാണ്. ഗുർപ്രീതിന്റെ മൃതദേഹം കണ്ടെടുത്ത ഇടത്ത് രണ്ടു മൃതദേഹങ്ങൾ കൂടി ഉണ്ടെന്നാണ് നിലവിലെ അനുമാനം. ബോറിങ് മെഷീനിന്റെ തകർന്നു കിടക്കുന്ന ലോഹ ഭാഗങ്ങൾ പ്ലാസ്മ കട്ടർ ഉപയോഗിച്ച് അറുത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്. കേരള പൊലീസിന്റെ കഡാവർ നായകളായ മായയുടെയും മർഫിയുടെയും സഹായത്തോടെയായിരുന്നു ഇന്നലെ മൃതദേഹം ലൊക്കേറ്റ് ചെയ്തത്.
തിരച്ചിൽ ദൗത്യത്തിന് ആവശ്യമെങ്കിൽ വീണ്ടും കഡാവർ നായകളുടെ സഹായം പ്രയോജനപ്പെടുത്താനാണ് ദൗത്യ സംഘത്തിന്റെ നീക്കം. തുരങ്കത്തിൽ അടിഞ്ഞു കൂടിയ ചെളി കൂനയും ശക്തമായ വെള്ളമൊഴുക്കും ഓക്സിജൻ ദൗർലഭ്യവും തിരച്ചിൽ ദൗത്യത്തിന് വിഘാതമാകുന്ന സാഹചര്യത്തിൽ റോബോട്ടിക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുമുണ്ട്.
ഫെബ്രുവരി 23ന് നടന്ന അപകടത്തില്‍ എട്ട് പേരാണ് മണ്ണും പാറയുമടങ്ങിയ കൂനയ്ക്കുള്ളില്‍ കുടുങ്ങിയത്. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടും നിലനിന്നിരുന്നു. റോബോട്ടിക്, എന്‍ഡോസ്‌കോപ്പിക് ക്യാമറകളടക്കം വിന്യസിച്ച് നടത്തിയ ആദ്യഘട്ട തെരച്ചിലില്‍ ഫലമുണ്ടായില്ല. പിന്നീട് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറുകള്‍ ചിലയിടത്ത് മനുഷ്യശരീരമെന്ന് കരുതുന്ന വസ്തുക്കളുണ്ടെന്ന് കണ്ടെത്തി. അവിടേക്കും പരിശോധനയ്ക്കായി കടക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. ഇതോടെയാണ് മാര്‍ച്ച് ആറിന് കഡാവര്‍ നായ്ക്കളായ മായയേയും മര്‍ഫിയേയും ദൗത്യത്തിന് എത്തിച്ചത്. വയനാട് ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തിലടക്കം നിര്‍ണായക പങ്കുവഹിച്ചവരാണ് ഇവര്‍.