10 April, 2025 12:12:50 PM
മീന്‍പിടിക്കുന്നതിനിടെ വായിൽ കടിച്ചുപിടിച്ച ജീവനുള്ള മീൻ തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു

ചെന്നൈ: മീന്‍പിടിക്കുന്നതിനിടെ അബദ്ധത്തില്‍ മീന്‍ തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. ചെന്നൈ ചെങ്കല്‍പേട്ട് അരയപക്കം സ്വദേശി മണികണ്ഠന്‍ (29) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായ മണികണ്ഠന്‍ ചൊവ്വാഴ്ച കീഴാവാലം തടാകത്തില്‍ മീന്‍പിടിക്കുന്നതിനിടെയാണ് സംഭവം. വെള്ളം കുറഞ്ഞ തടാകത്തില്‍ കൈകൊണ്ട് മീന്‍പിടിക്കുകയായിരുന്നു യുവാവ്. രണ്ട് മീനിനെ പിടിച്ച ഇയാള്‍ ഒരു മീനിനെ രണ്ട് കൈകൊണ്ടും മറ്റൊന്നിനെ വായിലും ഇറുക്കി പിടിച്ചു. ഇതിനിടെ ജീവനുള്ള മീന്‍ തൊണ്ടയിലേക്ക് ഇറങ്ങിയാണ് മരണം സംഭവിച്ചത്.
മൂര്‍ച്ചയുള്ള ചിറകുകളുള്ള തരം മീനാണ് യുവാവിന്‍റെ തൊണ്ടയില്‍ കുടുങ്ങിയത്. മീനിന്‍റെ തലഭാഗം വായ്ക്കുള്ളിലായതിനാല്‍ ആഴ്ന്നിറങ്ങി ശ്വാസനാളത്തില്‍ കുടുങ്ങുകയായിരുന്നു. പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മീന്‍ കൂടുതല്‍ ഉള്ളിലേക്ക് ഇറങ്ങി. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ പരിഭ്രാന്തനായി വീട്ടിലേക്ക് ഓടിയ മണികണ്ഠന്‍ വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
പ്രദേശവാസികളിൽ ചിലർ പ്രാദേശികമായി 'പനങ്കോട്ടൈ' എന്ന് അറിയപ്പെടുന്ന മീനിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ചെങ്കല്‍പേട്ട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ദിവസക്കൂലിക്കാരനായ മണികണ്ഠൻ തടാകത്തിൽ മീൻ പിടിച്ചിരുന്നുവെന്നും കൈകൊണ്ട് മീൻ പിടിക്കുന്നതിൽ വിദഗ്ദ്ധനാണെന്നും നാട്ടുകാർ പറഞ്ഞു. സാധാരണയായി അയാൾക്കൊപ്പം സുഹൃത്തുക്കളുണ്ടാകുമെങ്കിലും ചൊവ്വാഴ്ച ഒറ്റയ്ക്കായിരുന്നു.