11 April, 2025 12:30:45 PM


ആർത്തവം; കോയമ്പത്തൂരിൽ പെൺകുട്ടിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ



കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ആർത്തവമുള്ള വിദ്യാർഥിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷയെഴുതിച്ചെന്ന് പരാതി. സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. എട്ടാംക്ലാസ് വിദ്യാർഥിനിയുടെ മാതാപിതാക്കളാണ് സ്വകാര്യ സ്കൂളിനെതിരെ പരാതി നൽകിയത്. തുടർച്ചയായി രണ്ട് ദിവസം പട്ടികജാതിക്കാരിയായ കുട്ടിയെ സ്റ്റെപ്പിൽ ഇരുത്തി പരീക്ഷ എഴുതിച്ചെന്നാണ് പരാതി.

പെൺകുട്ടിയുടെ അമ്മ സ്കൂളിൽ എത്തിയപ്പോഴാണ് മകൾ പുറത്തിരുന്ന് പരീക്ഷ എഴുതുന്നത് കണ്ടത്.  ഏപ്രിൽ 7, 8 ദിവസങ്ങളിലെ പരീക്ഷക്കാണ് കുട്ടിയെ പുറത്തിരുത്തി പരീക്ഷ എഴുതിച്ചത്.  ആർത്തവമായതിനാൽ പ്രിൻസിപ്പാലാണ് തന്നെ പുറത്താക്കിയതെന്നാണ് പെൺകുട്ടി പറഞ്ഞത്. സ്കൂൾ അധിക‍ൃതരുടെ പ്രവൃത്തിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം. എന്നാൽ കുട്ടിയെ ഒറ്റയ്ക്കിരുത്തി പരീക്ഷയെഴുതിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടതായാണ് സ്കൂൾ അധികൃതർ പറയുന്നത്. സംഭവത്തിൽ പൊള്ളാച്ചി എ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938