21 February, 2025 07:36:46 PM
കോപ്പിയടിയെ ചൊല്ലി വിദ്യാർഥികൾ തമ്മിൽ തർക്കം, വെടിവെപ്പ്; വിദ്യാർഥി മരിച്ചു

പട്ന: ബിഹാറിൽ കോപ്പിയടിയെ ചൊല്ലിയുണ്ടായ തർക്കത്തില്‍ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മറ്റു രണ്ട് വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം. പത്താം ക്ലാസ്സ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച് വിദ്യാർത്ഥികള്‍ രണ്ട് സംഘങ്ങളായി തിരിയുകയും തർക്കിക്കുകയുമായിരുന്നു. ഇതിനിടെ വിദ്യാർത്ഥികളിലൊരാള്‍ വെടിയുതിർക്കുകയും മറ്റൊരു വിദ്യാർത്ഥി കൊല്ലപ്പെടുകയുമായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഘർഷത്തിൻറെ തുടക്കം. വാക്കുതർക്കം തൊട്ടടുത്ത ദിവസവും നീണ്ടു. ഇതിനിടെയാണ് വെടിയുതിർത്തത്. ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. വിദ്യാർത്ഥികളില്‍ ഒരാള്‍ക്ക് കാലിലും മറ്റൊരാള്‍ക്ക് പിൻഭാഗത്തുമാണ് പരിക്കേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച നാരായണ്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ പൊലീസിനെ വിന്യസിച്ചു. കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ കുടുംബവും നാട്ടുകാരും ദേശീയ പാത തടയുകയും വലിയ പ്രതിഷേധത്തിലേക്ക് കടക്കുകയും ചെയ്ത സാഹചര്യവുമുണ്ട്.