19 February, 2025 09:04:48 PM


രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ



ന്യൂഡല്‍ഹി: സസ്‌പെന്‍സുകള്‍ക്ക് വിരാമം. രേഖാ ഗുപ്ത ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീലാ മൈതാനത്താണ് സത്യപ്രതിജ്ഞ നടക്കുക

ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റുമാണ്. ഷാലിമാര്‍ ബാഗില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിക്കെതിരെ 29,000 വോട്ടുകള്‍ക്കായിരുന്നു വിജയം. ഡല്‍ഹി ഉപമുഖ്യമന്ത്രിയായി പര്‍വേശ് സിങ് വര്‍മ്മയേയും സ്പീക്കറായി വിജേന്ദര്‍ ഗുപ്തയേയുമാണ് തീരുമാനിച്ചത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ്.

70 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 48 സീറ്റുകളാണ് ബിജെപി നേടിയത്. ഭരണകക്ഷിയായിരുന്ന എഎപി. 22 സീറ്റുകളില്‍ വിജയിച്ചു. ഇത്തവണയും കോണ്‍ഗ്രസിന് സീറ്റുകളൊന്നും കിട്ടിയിരുന്നില്ല. നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, എന്‍ഡിഎ ദേശീയനേതാക്കള്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K