18 February, 2025 11:59:02 AM


ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിലെ സ്ത്രീ രോഗിയുടെ സിസിടിവി ദൃശ്യങ്ങൾ പ്രചരിക്കുന്നു; കേസെടുത്ത് പൊലീസ്



രാജ്കോട്ട്: ഗുജറാത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയായ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തു. സ്ത്രീകളുടെ സ്വകാര്യതയെയും സുരക്ഷയെയും ഗുരുതരമായി ബാധിക്കുന്നതാണ് സംഭവം. ഇതിനിടെ ആശുപത്രിയിൽ സ്ത്രീകളെ പരിശോധിക്കുന്നതിൻ്റെ നിരവധി വീഡിയോകളും യൂട്യൂബിലും ടെലിഗ്രാം ചാനലുകളിലും അപ്‌ലോഡ് ചെയ്തിരിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

രോഗിയായ സ്ത്രീയ്ക്ക് നഴ്‌സിംഗ് ജീവനക്കാർ കുത്തിവയ്പ്പ് നൽകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്ന വീഡിയോയിലുള്ളത്. രാജ്‌കോട്ടിലെ പായൽ മെറ്റേണിറ്റി ഹോമിൽ നിന്നുള്ളതാണ്. സിസിടിവി സെർവർ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് ആശുപത്രി ഡയറക്ടറുടെ മറുപടി. 'ആശുപത്രി വീഡിയോകൾ എങ്ങനെയാണ് വൈറലായതെന്ന് എനിക്കറിയില്ല. ഞങ്ങളുടെ സിസിടിവി സെർവർ ഹാക്ക് ചെയ്യപ്പെട്ടതായി തോന്നുന്നു. ഇത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. വിവരം ഞങ്ങൾ പൊലീസിനെ അറിയിക്കും. അന്വേഷണത്തിൽ പൊലീസുമായി സഹകരിക്കും,' എന്നാണ് ആശുപത്രിയിലെ ഡോ. അമിത് അക്ബരിയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. രാജ്കോട്ട് സൈബർ ക്രൈം പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഡോക്ടർമാർ ഉൾപ്പെടെ മുഴുവൻ ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K