03 April, 2025 01:43:09 PM


മമത സർക്കാരിന് തിരിച്ചടി; 25000ൽ അധികം അധ്യാപകരുടെ നിയമനം റദ്ദാക്കി സുപ്രീംകോടതി



ന്യൂഡൽഹി: പത്തുവർഷത്തോളം പഴക്കമുള്ള ബംഗാൾ സ്കൂള്‍ സർവീസസ് കമ്മീഷൻ നിയമന കുംഭകോണത്തിൽ ബംഗാളിലെ 25,000ത്തിലേറെ അധ്യാപക, അനധ്യാപക നിയമനങ്ങൾ സുപ്രീം കോടതി റദ്ദാക്കി. നിയമനങ്ങൾ റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് ഇന്ന് സുപ്രീം കോടതി ശരിവച്ചു. മമത ബാനർജി സർക്കാരിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയുടെ നടപടി.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിയമന പ്രക്രിയയെക്കുറിച്ച് ശക്തമായ നിരീക്ഷണങ്ങൾ നടത്തി. നിയമന നടപടികള്‍ ക്രമവിരുദ്ധമായ നടപടികളിലൂടെ ഉണ്ടായതിനാൽ, അവ വഞ്ചനയ്ക്ക് തുല്യമാണെന്ന് കോടതി വ്യക്തമാക്കി. "കളങ്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ സേവനങ്ങളും നിയമനവും അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയുടെ തീരുമാനത്തിൽ ഇടപെടാൻ ഞങ്ങൾക്ക് ഒരു കാരണവും കണ്ടെത്താനായില്ല. അവരുടെ നിയമനം തട്ടിപ്പിലൂടെ ആയതിനാൽ, ഇത് വഞ്ചനയ്ക്ക് തുല്യമാണ്," ബെഞ്ച് ചൂണ്ടിക്കാട്ടി.

മാർ‌ക്ക് ചെയ്യാതെ ഒഎംആർ ഷീറ്റുകൾ സമർപ്പിച്ച് നിയമവിരുദ്ധമായി 25,753 പേർ നിയമിക്കപ്പെട്ടു എന്നാണ് ആരോപണം.എന്നാൽ 24,640 ഒഴിവുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 2016 ൽ നടത്തിയ പരീക്ഷയിൽ 23 ലക്ഷം പേർ പങ്കെടുത്തിരുന്നു. ഈ കേസിൽ തൃണമൂൽ നേതാവ് മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി, തൃണമൂൽ എം എൽ എമാരായ മണിക് ഭട്ടചാര്യ, ജിബാൻ കൃഷ്ണ സാഹ എന്നിവരടക്കമുള്ള നിരവധി നേതാക്കളും മുൻ ഉദ്യോഗസ്ഥരും ജയിലിലാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924