15 April, 2025 10:26:58 AM


വഴക്കിനിടെ എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു



ഹൈദരാബാദ്: എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ഉഡ കോളനിയിലാണ് സംഭവം. അനുഷ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് ഗ്യാനേശ്വര്‍ പോലീസില്‍ കീഴടങ്ങി. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

അനുഷയും ഗ്യാനേശ്വറും തമ്മിൽ തിങ്കളാഴ്ച രാവിലെ വീട്ടിൽ വച്ച വഴക്കുണ്ടായിരുന്നു. തുടർന്ന് തർക്കം മൂർച്ഛിക്കുകയൂം ഇതിനുപിന്നാലെ പ്രതി അനുഷയുടെ കഴുത്ത് ഞെരിച്ചു.യുവതി ബോധരഹിതയായി നിലത്തുവീണതോടെ പ്രതിതന്നെയാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് പോലീസ് പറയുന്നു. എന്നാൽ ആശുപത്രിയിൽ എത്തുമ്പോൾ തന്നെ അനുഷയുടെ മരണം സംഭവച്ചിരുന്നു. തുടർന്ന് പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

സാരംഗ് നഗർ വ്യൂ പോയിന്റിന് സമീപം ഫാസ്റ്റ് ഫുഡ് സെന്റർ നടത്തുകയാണ് ഗ്യാനേശ്വർ. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ മൂന്നുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍, ദമ്പതിമാര്‍ തമ്മില്‍ പലകാര്യങ്ങളെച്ചൊല്ലിയും വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K