22 April, 2025 09:10:59 AM


ബില്ലുകളില്‍ തീരുമാനമെടുക്കല്‍: കേരളം നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍



ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാത്തതില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

കേരള സര്‍ക്കാരും ടി പി രാമകൃഷണന്‍ എംഎല്‍എയുമാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ നേരത്തെ ഗവര്‍ണറുടെ സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. നിയമസഭ പാസാക്കിയ നാല് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് കേരളത്തിന്റെ വാദം.

അനുമതി നിഷേധിച്ച ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും രേഖപ്പെടുത്തിയത് എന്താണെന്ന് പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സുപ്രീംകോടതി നേരത്തെ സമയപരിധി നിശ്ചയിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവും കേരളം ചൂണ്ടിക്കാട്ടും.

അതേസമയം ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്. ഉത്തരവിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922