24 April, 2025 12:19:10 PM
ജമ്മു കശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. രണ്ട് ഭീകരർ ഈ മേഖലയിൽ ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം രാവിലെ മുതൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയായിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
സംഭവ സ്ഥലത്ത് സംശയമുള്ള എല്ലായിടങ്ങളിലും സൈന്യം നിലവിൽ തിരച്ചിൽ നടത്തുകയും ചെയ്യുന്നുണ്ട്. അതേസമയം പാക് സർക്കാരിന്റെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. കേന്ദ്ര സർക്കാരിന്റെ ആവശ്യം അനുസരിച്ച് എക്‌സിന്റേതാണ് നടപടി. ഗവണ്മെന്റ് ഓഫ് പാക്കിസ്ഥാൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്. സിന്ധു നദീജല കരാർ മരവിപ്പിക്കാൻ തുടങ്ങി നിരവധി നടപടികൾ കൈകൊണ്ട ശേഷമാണ് എക്സ് അക്കൗണ്ടും കേന്ദ്രസർക്കാർ മരവിപ്പിച്ചത്.