18 April, 2025 09:19:07 AM
ഷെഗാവിൽ ഗ്രാമവാസികൾ തലചൊറിഞ്ഞ് കൈ എടുക്കുമ്പോൾ നഖത്തിന് കേടുപാടെന്ന് റിപ്പോർട്ട്

മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിലെ ഷെഗാവിൽ 200-ലധികം പേർക്ക് അസാധാരണ മുടികൊഴിച്ചിൽ ഉണ്ടായതായും നാല് ഗ്രാമങ്ങളിൽ 29 പേരുടെ നഖം കൊഴിഞ്ഞ് പോകുന്നതായും റിപ്പോർട്ട്. തല ചൊറിഞ്ഞിട്ട് കൈയെടുക്കുമ്പോൾ നഖങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും നഖങ്ങൾ കൊഴിഞ്ഞു പോകുകയും ചെയ്യുന്നുവെന്നാണ് ഗ്രാമവാസികൾ പറയുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബുൽദാനയിലെ ഷെഗാവിൽ നാല് ഗ്രാമങ്ങളിലായി 29 പേരുടെ നഖങ്ങൾക്ക് വൈകല്യമുള്ളതായും ചിലരുടെ നഖങ്ങൾ കൊഴിഞ്ഞുപോയതായും കണ്ടെത്തിയെന്ന് ബുൽദാന ഹെൽത്ത് ഓഫീസർ ഡോ. അനിൽ ബങ്കർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. അവർക്ക് പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ടെന്നും കൂടുതൽ പരിശോധനയ്ക്കായി ഷെഗാവിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നും ഡോക്ടർ വ്യക്തമാക്കി.
പരിശോധനയ്ക്കായി രക്തസാമ്പിളുകൾ എടുത്തിട്ടുണ്ടെന്നും നഖങ്ങൾ കൊഴിഞ്ഞ് പോകുന്നതിൻ്റെ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ജില്ലാ സൈക്യാട്രിക് ഓഫീസർ പ്രശാന്ത് താങ്‌ഡെ പറഞ്ഞു. മുടി കൊഴിച്ചിൽ അനുഭവിച്ചവർക്ക് നഖം കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നതിനാൽ ഉയർന്ന സെലിനിയത്തിൻ്റെ സാന്നിധ്യവുമായി ഇത് ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ണിലും വെള്ളത്തിലും ചില ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഒരു ധാതുവാണ് സെലിനിയം.
2024 ഡിസംബർ മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിലാണ് ബുൾദാനയിലെ 18 ഗ്രാമങ്ങളിൽ നിന്നുള്ള 279 പേർക്ക് പെട്ടെന്ന് മുടി കൊഴിച്ചിൽ റിപ്പോർട്ട് ചെയ്തത്. ഇത് 'അക്യൂട്ട് ഓൺസെറ്റ് അലോപ്പീസിയ ടോട്ടലിസ്' എന്നും അറിയപ്പെടുന്നു.