24 April, 2025 09:24:16 PM
പുൽവാമ, പഹൽഗാം ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമർശം; അസമിൽ എംഎൽഎ അറസ്റ്റിൽ

ന്യൂഡല്‍ഹി: പുൽവാമ, പഹൽഗാം ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമർശം നടത്തിയ പേരിൽ അസമിൽ എഐയുഡിഎഫ് എംഎൽഎ അറസ്റ്റിൽ. എഐയുഡിഎഫ് എംഎൽഎ അമിനുൾ ഇസ്ലാമിനെയാണ് അസം പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. നിലവിൽ നാഗോൺ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ് അമിനുൾ ഇസ്ലാമിനെ. എംഎൽഎക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
"ഭീകരാക്രമണത്തിന് ശേഷം നേരിട്ടോ അല്ലാതെയോ പാകിസ്ഥാനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. വേവ് എംഎൽഎ അമിനുൾ ഇസ്ലാമിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം പാകിസ്ഥാനെ പിന്തുണയ്ക്കുന്നതായി ഇതിലൂടെ വ്യക്തമാണ്. അതിനാൽ ഞങ്ങൾ കേസ് ഫയൽ ചെയ്തു," ഹിമന്ത ബിശ്വ ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2019ൽ പുൽവാമയിൽ നടന്ന ചാവേർ ബോംബാക്രമണവും പഹൽഗാമിലെ ഭീകരാക്രമണവും സർക്കാർ നടത്തിയ ഗൂഢാലോചനകളാണെന്നായിരുന്നു അമിനുൾ ഇസ്ലാമിന്റെ പരാമർശം. പൊതുപരിപാടിയിൽ സംസാരിക്കേയാണ് അമിനുൾ ഇസ്ലാം പ്രകോപനപരമായ പരാമർശം നടത്തിയത്.