29 December, 2023 09:08:43 AM


വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട; 75 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍



പാലക്കാട്: വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശില്‍ നിന്ന് പാലക്കാട്ടേക്ക് എത്തിച്ച 75 കിലോ കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ശ്രമിച്ച പാലക്കാട് സ്വദേശികളായ 2 പേരെ പൊലീസ് പിടികൂടി.പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വാളയാര്‍ വഴി കേരളത്തിലേക്കുള്ള ലഹരി മരുന്നിന്‍റെ ഒഴുക്ക് തടയാന്‍ പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇതിനിടെയാണ് കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. 

കാറിന്‍റെ ഡിക്കിയിലും, സീറ്റിലും തയ്യാറാക്കിയ പ്രത്യേക അറകളില്‍ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഇതാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. കഞ്ചാവ് കടത്തിയ കേസില്‍  പാലക്കാട് മുതലമട സ്വദേശി ഇര്‍ഷാദ്, അഗളി താവളം സ്വദേശി സുരേഷ്‌കുമാര്‍ എന്നിവരെ പൊലീസ് പിടികൂടി. പാലക്കാട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനാണ് ലഹരി എത്തിച്ചതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി. വാളയാര്‍ പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K