28 September, 2024 09:54:33 AM


തൃശൂർ എടിഎം കവർച്ച; പ്രതികൾ പ്രായോ​ഗിക പരിശീലനം നേടിയവരെന്ന് പൊലീസ്



തൃശ്ശൂര്‍: തൃശ്ശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ പ്രതികള്‍ പ്രായോഗിക പരിശീലനം നേടിയവരെന്ന് പൊലീസ്. ബാങ്കുകളിൽ നിന്ന് ഉപയോഗശൂന്യമായ എടിഎമ്മുകള്‍ ലേലത്തില്‍ വിളിച്ചെടുത്ത് ഹരിയാനയില മെവാത്തില്‍ എത്തിച്ച് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് കൊള്ള സംഘം പരിശീലനം നേടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ശേഷം ഏറ്റവും പ്രഹരശേഷിയുള്ളതും എളുപ്പം ഉപയോഗിക്കാവുന്നതുമായ ഗ്യാസ് കട്ടര്‍ വാങ്ങിയാകും പരിശീലനം നടത്തിയിട്ടുണ്ടാവുകയെന്നാണ് സംശയിക്കുന്നത്. 10 മിനിറ്റില്‍ ക്യാഷ് പുറത്തെടുക്കാവുന്ന മികച്ച രീതിയിലുള്ള പരിശീലനമാണ് സംഘം നടത്തിയിരിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐയുടെ എടിഎമ്മുകള്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഘം കൊള്ളയടിച്ചത്.

എല്ലാ എടിഎമ്മുകളുടേയും ഘടന ഒരുപോലെയല്ല. ചിലതിനകത്തും പുറത്തുമായി രണ്ട് പാളികളിലായിട്ടായിരിക്കും ക്യാഷ് ട്രേ ഉണ്ടായിരിക്കുക. ചില കമ്പനികളുടെ മെഷീനുകളില്‍ ലോഹപാളിക്കു പുറമേ ഇരുമ്പുകമ്പി പാകിയ കോണ്‍ക്രീറ്റ് പാളി കൂടിയുണ്ടാകും. ഇത്തരം കൗണ്ടറുകള്‍ ഗ്യാസ് കട്ടര്‍ ഉപേയോഗിച്ച് തകര്‍ക്കാനാകില്ല. ചിലത് ഉള്ളിലേത് ഇരുമ്പ് പോലെയായിരിക്കും പ്രവര്‍ത്തിക്കുക.

ഹരിയാനയില്‍ നിന്ന് ബുധനാഴ്ച ചെന്നൈയില്‍ എത്തിയ പ്രതികള്‍ അവിടെ നിന്നാണ് കേരളത്തിലേക്ക് കടന്നത്. മൂന്ന് സംഘങ്ങളായാണ് പ്രതികള്‍ ചെന്നൈയില്‍ എത്തിയത്. ഇതില്‍ രണ്ട് പേര്‍ വിമാനത്തിലും മൂന്ന് പേര്‍ കാറിലും രണ്ട് പേര്‍ ലോറിയിലുമാണ് സഞ്ചരിച്ചത്. കോയമ്പത്തൂരില്‍ എത്തിയ ശേഷം പ്രതികള്‍ ഒരുമിച്ചാണ് യാത്ര ചെയ്തതെന്ന് പൊലീസ് അറിയിച്ചിരുന്നു.


കവര്‍ച്ചയുടെ മുഖ്യ ആസൂത്രകന്‍ ഹരിയാന നൂഹ് സ്വദേശി മുഹമ്മദ് ഇഖ്രാം ആണെന്ന് പൊലീസ് പറഞ്ഞിരുന്നു. തൃശ്ശൂരിലെ എടിഎമ്മുകള്‍ തിരഞ്ഞെടുത്തത് മുഹമ്മദ് ഇഖ്രാമാണ്. മഹാരാഷ്ട്രയിലെ എടിഎം കവര്‍ച്ച കേസില്‍ ശിക്ഷ കഴിഞ്ഞ് രണ്ട് മാസം മുന്‍പാണ് ഇയാള്‍ പുറത്തിറങ്ങിയത്. എടിഎം മോഷണവുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ മൂന്നും രാജസ്ഥാനില്‍ രണ്ടും മഹാരാഷ്ട്രയില്‍ ഒരു കേസും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു.

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജുമാനുദ്ദീന്റെ പേരിലുള്ളതാണ് മോഷണത്തിന് ഉപയോഗിച്ച ലോറിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെടിയേറ്റ് ചികിത്സയിലുള്ള പ്രതി അസര്‍ അലിയുടേതാണ് കാര്‍. സബീര്‍ ഖാന്‍, ഇര്‍ഫാന്‍ എന്നീ പ്രതികള്‍ എടിഎം കവര്‍ച്ചയെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പുവരെ ജയിലിലായിരുന്നു. കാര്‍ കടത്താന്‍ ശ്രമിച്ച ലോറിയിലെ ക്ലീനര്‍ കസ്റ്റഡിയിലുള്ള മുബാറക്ക് ആണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം, മോഷണത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് മുബാറക്ക് പൊലീസിന് നല്‍കിയ മൊഴി.

എടിഎമ്മിന് പുറത്തും അകത്തുമുണ്ടായിരുന്ന സിസിടിവി ക്യാമറകള്‍ സംഘം സ്പ്രേ പെയിന്റ് ഉപയോഗിച്ച് മറച്ചാണ് മോഷണം നടത്തിയത്. മോഷണം പൂര്‍ത്തിയാക്കിയ ശേഷം മാടക്കത്തറ വരെ സംഘം സഞ്ചരിച്ചത് കാറിലാണ്. ഇതിന് ശേഷം കണ്ടെയ്നറിലേക്ക് കാര്‍ കയറ്റി. തമിഴ്നാട് വഴി രക്ഷപ്പെടുന്നതിനിടെ നാമക്കലില്‍വെച്ചാണ് സംഘം പൊലീസിന്റെ പിടിയിലായത്. പ്രതികളില്‍ നിന്ന് 67,00,000 രൂപ പൊലീസ് കണ്ടെടുത്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K