10 October, 2024 10:08:32 AM
ഏലസുകളും നാഗരൂപങ്ങളും വിഗ്രഹങ്ങളും കുഴിച്ചിടും, പിന്നെ 'ദിവ്യദൃഷ്ടി' പ്രയോഗം; വ്യാജസിദ്ധൻ പിടിയിൽ
തൃശൂര്‍: മന്ത്രവാദത്തിലൂടെ ശത്രുദോഷങ്ങളെല്ലാം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ അറസ്റ്റ്. ചേര്‍പ്പ് കോടന്നൂര്‍ സ്വദേശി ചിറയത്ത് വീട്ടില്‍ റാഫി(51)യെയാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയില്‍ നിന്ന് മാത്രം റാഫി മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രോഗബാധിതരെ കണ്ടെത്തി വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചാണ് റാഫിയുടെ തട്ടിപ്പ്. പക്ഷെ സിസിടിവി ക്യാമറ ചതിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഉടമകളറിയാതെ അവരുടെ വീട്ടുപറമ്പില്‍ ഏലസുകള്‍, നാഗരൂപങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവ കുഴിച്ചിട്ട ശേഷം തന്റെ 'ദിവ്യദൃഷ്ടി'യില്‍ തെളിഞ്ഞെന്ന് പറഞ്ഞ് കണ്ടെത്തും. ഇവ ശത്രുക്കള്‍ കുഴിച്ചിട്ടതാണെന്നും ബിസിനസ് തകരുമെന്നും മാരക അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിക്കും. ഏലസുകളും തകിടുകളും നശിപ്പിക്കാതിരിക്കാന്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ വേണമെന്ന് പറഞ്ഞ് ബൈബിള്‍ വചനങ്ങള്‍ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചരിച്ച വെള്ളവുമൊക്കെ വെച്ചാണ് തട്ടിപ്പു രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
പ്രവാസിയുടെ സുഹൃത്തുക്കളുടെ വീട്ടിലും ദോഷത്തകിടുകളും ഏലസുകളും ഉണ്ടെന്ന് പറഞ്ഞ് വീടിന്റെ പിന്‍ഭാഗത്ത് കുഴിയെടുത്ത് ആറ് ഏലസുകള്‍ പുറത്തെടുത്തു. ഇവര്‍ പോയതിന് ശേഷം സിസിടിവി പരിശോധിച്ചപ്പോള്‍ റാഫിയുടെ സഹായി പോക്കറ്റില്‍ നിന്ന് ഏലസുകള്‍ കുഴിയിലിട്ട് മൂടുന്നത് കണ്ടതോടെയാണ് റാഫിയുടെ തട്ടിപ്പിന് അവസാനമായത്. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തൃശൂര്‍ റൂറല്‍ എസ്പി നവ്‌നീത് ശര്‍മയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീമാണ് റാഫിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ റാഫി തട്ടിപ്പ് സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റാഫിയെ കോടതിയില്‍ ഹാജരാക്കി.