30 July, 2024 08:35:59 AM
വയനാട് ഉരുള്‍പൊട്ടല്‍; ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂമുകൾ തുറന്നു
കൽപ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ വയനാട്ടില്‍ വിന്യസിക്കും.
എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ജീവന്‍ ബാബുവിന്‍റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത, എന്‍.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ് തുടങ്ങിയവരും ഈ സംസ്ഥാനതല സംഘത്തിലുണ്ടാകും.
ഇന്ന് പുലര്‍ച്ചെ 1.15 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഒരു വയസുള്ള കുട്ടിയടക്കം 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പുലർച്ചെ ഒരു മണിയോടെയാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. ചൂരൽമല സ്കൂളിന് സമീപം നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടി. പാലങ്ങൾ തകർന്ന് പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ചൂരൽമലയിൽനിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയെന്നും വിവരമുണ്ട്. ചൂരൽമല, കൽപ്പറ്റ ടൗണുകളിൽ വെള്ളം കയറിയിട്ടുണ്ട്. പുഴ ഗതിമാറി ഒഴുകുകയാണ്. ചൂരൽമല, കൽപ്പറ്റ ടൗണുകളിൽ വെള്ളം കയറി.