30 July, 2024 02:01:34 PM
വയനാട് ഉരുൾപൊട്ടൽ; മരണം 67 ആയി, പുഴയിലൂടെ ഒഴുകിയെത്തിയത് 20 മൃതദേഹങ്ങൾ
വയനാട്: മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരണം 67 ആയി. 70 പേർക്ക് പരിക്ക്. നിലമ്പൂർ പോത്തുക്കല്ല് ഭാഗത്ത് പുഴയിൽ പലയിടങ്ങളിൽ നിന്നായി ലഭിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ ഉൾപ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. 10 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷ്റഫ് (49), കുഞ്ഞിമെയ്തീൻ (65), ലെനിൻ, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. രക്ഷാപ്രവർത്തനത്തിന് ഏഴിമലയിൽ നിന്ന് നാവിക സേന സംഘം എത്തും.
രക്ഷാപ്രവർത്തനത്തിനായി സെെന്യത്തിന്റെ എൻജിനിയറിംഗ് ഗ്രൂപ്പ് വയനാട്ടിലേക്കെത്തും. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സെെന്യത്തിന്റെ എൻജിനിയറിംഗ് വിഭാഗം നടപ്പാക്കും. അതിനിടെ രക്ഷാപ്രവർത്തനത്തിന് എയർ ലിഫ്റ്റിംഗ് സാദ്ധ്യത പരിശോധിക്കാനെത്തിയ രണ്ട് ഹെലികോപ്റ്റുകൾ വയനാട്ടിൽ ഇറങ്ങാനാകാതെ തിരിച്ചുപോയി. പുലർച്ചെ രണ്ട് മണിയോടെയാണ് മുണ്ടക്കെെയിൽ ഉരുൾപ്പൊട്ടിയത്. കരസേനയുടെ 190 അംഗ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബറ്റാലിയനിൽ നിന്നും ഒരു കമ്പനി ഉടൻ യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്.