31 July, 2024 09:37:45 AM
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; നിര്‍മിക്കുന്നത് 85 അടി നീളമുള്ള പാലം
കല്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനായി കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ എത്തും. സൈനികരും എന്‍ഡിആര്‍എഫും അഗ്‌നിരക്ഷാസേനയും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നാല് സംഘങ്ങളിലായി 150 രക്ഷാപ്രവര്‍ത്തകരുണ്ട്. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തും. നാല് സംഘങ്ങളായാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തകരെയും രക്ഷാപ്രവര്‍ത്തന സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അട്ടമലയില്‍ മസ്ജിദില്‍ ഉസ്താദ് ഉള്‍പ്പെടെ 10 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇന്നലെ രാത്രി വൈകിയും അവരുമായി സംസാരിച്ചിരുന്നു. അവര്‍ ഭക്ഷണം കഴിച്ച് മാനസ്സികാരോഗ്യത്തോടെ രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുകയാണ്. സംഘം ആദ്യം അങ്ങോട്ടേക്കാണ് പോകുക.
ബെയ്‌ലി പാലം നിര്‍മ്മിക്കുന്നതിനായി മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് എത്തി പരിശോധന നടത്തിയിരുന്നു. പാലം നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളില്‍ കരമാര്‍ഗമുള്ളവ ഇന്നലെ രാത്രിയോടെ പുറപ്പെട്ടു. വിമാനമാര്‍ഗം കൊണ്ടുവരേണ്ടത് രാവിലെ കൊണ്ടുവരും. ഹിറ്റാച്ചിയടക്കമുള്ള യന്ത്രങ്ങള്‍ എത്തിക്കാന്‍ ബെയ്‌ലി പാലം ആവശ്യമാണ്. 85 അടി നീളമുള്ള പാലമാണ് നിര്‍മിക്കുക. മഴ മാറി നില്‍ക്കുന്നത് ആശ്വാസം നല്‍കുന്നുണ്ടെന്നും പുഴയിലെ ഒഴുക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.