31 July, 2024 10:57:55 AM
മുണ്ടക്കൈയിൽ ഉണ്ടായിരുന്നത് 400 ലധികം വീടുകൾ: അവശേഷിക്കുന്നത് 30 എണ്ണം
കല്പറ്റ: കേരളം ഇന്നുവരെ കണ്ടതില്‍വെച്ചേറ്റവും ദാരുണമായ പ്രകൃതി ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായത്. ഒറ്റ രാത്രി കൊണ്ട് നൂറു കണക്കിനാളുകളുടെ ജീവനുകളാണ് മണ്ണിനടിയിൽ അകപ്പെട്ടത്. കുടുംബത്തെ നഷ്ടപ്പെട്ട് അനാഥരായവർ വേറെ. മുണ്ടക്കൈയിൽ ഇപ്പോൾ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമാണെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് നേരത്തെ ഇവിടെയുണ്ടായിരുന്നത്.
മുണ്ടക്കൈ മേഖലയിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. ബെയിലി പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തും. വയനാട്ടിലേക്ക് കൊണ്ട് വരാനായി 18 ലോറികൾ വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ട്. സൈന്യത്തിന്റെ മൂന്ന് കെടാവർ ഡോഗുകളും ഒപ്പമെത്തും.