31 July, 2024 03:37:07 PM


മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; ബെയിലി പാലം ഇന്ന് പൂർത്തിയാകില്ല



കല്‍പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നടന്ന മേഖലകളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 199ലെത്തി. ഈ കണക്ക് ഇനിയും ഉയരാനാണ് സാധ്യത. തെരച്ചില്‍ അതീവ ദുഷ്‌കരമാക്കുന്നത് ചെളിമണ്ണും കൂറ്റന്‍ പാറക്കെട്ടുകളുമാണ്. ചെളി നിറഞ്ഞതിനെ തുടര്‍ന്ന് മണ്ണില്‍ കാലുറപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.

അതേ സമയം ബെയിലി പാലം നിര്‍മാണം ഇന്ന് പൂര്‍ത്തിയാകില്ലെന്ന് ചീഫ് സെക്രട്ടറി വി വേണു അറിയിച്ചു. പാലത്തിന്റെ നിര്‍മാണം നാളെ മാത്രമേ പൂര്‍ത്തിയാകൂ. മുണ്ടക്കൈയില്‍ തെരച്ചില്‍ ഇനിയും വൈകും. തെരച്ചിലിനായി മണ്ണുമാന്തി അടക്കം യന്ത്രങ്ങള്‍ എത്തുന്നത് വൈകുമെന്ന് അധികൃതര്‍ അറിയിക്കുന്നു. ഇന്ന് രാവിലെ ആറ് മണിമുതല്‍ സൈന്യം ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.

ദുരന്തത്തിന്റെ രണ്ടാം നാളായ ഇന്നും മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഇരുനൂറിലേറെ ആളുകള്‍ ഇപ്പോഴും കാണാമറയത്താണ്. എന്നാല്‍ 98 പേരെ കാണാതായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ പറയുന്നത്. ചൂരല്‍ മലയില്‍ 4 സംഘങ്ങളായി തിരിഞ്ഞ് 150 സൈനികരാണ് രക്ഷാദൗത്യം തുടര്‍ന്നു കൊണ്ടിരിക്കുന്നത്.

ചൂരല്‍മലയില്‍ നിലംപൊത്തിയ വീട്ടില്‍ നിന്നും പിഞ്ചുകുഞ്ഞിന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. കൂടുതല്‍ സങ്കടകരമായ കാഴ്ചകളാണ് മുണ്ടക്കൈയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. മുണ്ടക്കൈയില്‍ നിന്ന് ഇന്ന് കണ്ടെടുത്ത എട്ട് മൃതദേഹങ്ങളും തകര്‍ന്ന വീടുകള്‍ക്കുള്ളിലായിരുന്നു. കസേരയില്‍ ഇരിക്കുന്ന രീതിയിലുള്ള 4 മൃതദേഹങ്ങളും കണ്ടെടുത്തിരുന്നു. മണ്ണില്‍ പുതഞ്ഞ് പോയവരെ തേടിയുള്ള രക്ഷാപ്രവര്‍ത്തകരുടെ ദൗത്യം പുരോഗമിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K