02 August, 2024 09:35:48 AM
ഇനിയാരും ജീവനോടെ കുടുങ്ങി കിടക്കാൻ സാധ്യത ഇല്ല; കണ്ടെടുക്കാനുള്ളത് മൃതദേഹങ്ങള്‍ മാത്രം- സൈന്യം
കല്പറ്റ: ഉൾപൊട്ടൽ നടന്ന വയനാട് മുണ്ടക്കൈ, ചൂരൽ മലയിൽ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാന്‍ സാധ്യതയില്ലെന്ന് സൈന്യം. 500 സൈനികര്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മൂന്നു സ്‌നിഫര്‍ നായകളുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന കേരള-കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് (ജി.ഒ.സി.) മേജര്‍ ജനറല്‍ വിനോദ് മാത്യുവാണ് ഇക്കാര്യമറിയിച്ചത്. ജീവനോടെയുള്ള കുടുങ്ങി കിടക്കുന്ന എല്ലാവരെയും രക്ഷിക്കാനായതായി യോഗം വിലയിരുത്തി.
ഉരുൾപൊട്ടൽ നടന്ന മേഖലയിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. ദുരിത മുഖത്ത് 1000 പൊലീസുകാർ തിരച്ചിലിനും 1000 പേര്‍ മലപ്പുറത്തും പ്രവര്‍ത്തനരംഗത്തുണ്ടെന്ന് എ ഡി ജി പി എം ആര്‍ അജിത്കുമാര്‍ പറഞ്ഞു. ശരീരഭാഗങ്ങളുടെ തിരിച്ചറിയലും സംസ്‌കാരവുമാണ് പ്രതിസന്ധിയാകുന്നത്. മൃതദേഹം കിട്ടിയാല്‍ മൂന്നുമിനിറ്റിനുള്ളില്‍ പോസ്റ്റ്മോര്‍ട്ടം തുടങ്ങുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
വയനാട്ടിലെ ദുരന്തമുഖത്ത് നിന്നും ചാലിയാറിൽ നിന്നും കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പരിശോധനയ്ക്ക് ശേഷം ശരീരഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുളള നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും രാസ പരിശോധന വിദഗ്ധരുമാണ് സംഘത്തിലുള്ളത്. അതേസമയം, രക്ഷാപ്രവർത്തനം ഊർജിതമായി നടന്നു കൊണ്ടിരിക്കുകയാണ്.