03 August, 2024 03:24:20 PM


രക്ഷാപ്രവർത്തനത്തിനിടയിൽ സൂചിപ്പാറയിൽ മൂന്നുപേർ കുടുങ്ങി; എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി



കൽപ്പറ്റ: സൂചിപ്പാറയിൽ കുടുങ്ങിയ രക്ഷാപ്രവർത്തകരെ രക്ഷിച്ച് ചൂരൽമലയിലെത്തിച്ചു. ​ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ സന്നദ്ധസംഘടനയിലെ 3 പേരെയാണ് സൈന്യം എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയത്. ദുരന്തത്തിൽ‍‍‍ അകപ്പെട്ടവർക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ രാത്രിയിലാണ് ഇവർ സൂചിപ്പാറയിൽ കുടുങ്ങിയത്. സൂചിപ്പാറയിൽ കുടുങ്ങിയ 3 പേരിൽ ഒരാൾ സ്വയം നടന്ന് രക്ഷപ്പെടുകയായിരുന്നു. ബാക്കിയുള്ള രണ്ടാളുകളേയാണ് സൈന്യത്തിന്റെ ഹെലികോപ്പറ്ററെത്തി രക്ഷിച്ചത്.

ശക്തമായ കുത്തൊഴുക്കുള്ള ഭാ​ഗമായതിനാൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ എയർലിഫ്റ്റ് അല്ലാതെ മറ്റ് മാർ​ഗങ്ങളില്ലെന്ന് മനസിലാക്കിയ സൈന്യം രണ്ടുതവണ പ്രദേശത്ത് പരീക്ഷണ പറക്കലുൾപ്പെടെ നടത്തിയിരുന്നു. ശേഷം സുരക്ഷിതമായി രക്ഷപ്പെടുത്താൻ കഴിയും എന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് ഇവരെ എയർലിഫ്റ്റ് ചെയ്ത് സൂചിപ്പാറയിലെത്തിച്ചത്. സുരക്ഷിത സ്ഥലത്തെത്തിച്ച ഇവരെ സേനയുടെ ആംബുലൻസിൽ മേപ്പാടിയിലെ ആശുപത്രിയിലെത്തിച്ചു. വിദ​ഗ്ധ ചികിത്സ ആവശ്യമെങ്കിൽ മാത്രം മറ്റുള്ള ആശുപത്രിയിലേക്ക് മാറ്റും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K