06 August, 2024 09:03:37 AM


തിരച്ചിൽ എട്ടാം നാൾ; ഇന്ന് സൂചിപ്പാറ മുതൽ പോത്തുകല്ല് വരെ ഊർജിത തിരച്ചിൽ



മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് ഊർജിതമാക്കും. സൂചിപ്പാറ മുതൽ പോത്തുകല്ലു വരെ ചാലിയാറിൻ്റെ ഇരുകരകളിലും നിലമ്പൂർ വരെയും ഇന്ന് അന്വേഷണം നടത്തുമെന്ന് റവന്യുവകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ പരിശീലനം നേടിയ ഡോഗ് സ്ക്വാഡിൻറെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുക. സൂചിപ്പാറയ്ക്ക് താഴെയുള്ള രണ്ട് വെള്ളച്ചാട്ടങ്ങൾക്കു സമീപവും പരിശോധന നടത്തും. ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിലിന്റെ ഭാഗമാകും.

ഇനിയും പരിശോധിക്കാത്ത മേഖലകളിൽ ഇന്ന് പരിശോധന നടത്തുക. തിങ്കളാഴ്ച്ച മൃതദേഹങ്ങൾ കണ്ടെത്തിയ പ്രദേശങ്ങളിൽ വീണ്ടും തിരച്ചിൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു. തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് ഹാരിസൺ പ്ലാൻ്റേഷൻ്റെ 50 സെൻ്റ് സ്ഥലം കൂടി ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടർ ഏറ്റെടുക്കും. 30 മൃതദേഹങ്ങളാണ് ഇന്നലെ സംസ്ക്കരിച്ചു. 158 ശരീര ഭാഗങ്ങൾ കൂടി മറവ് ചെയ്യുന്നതിന് പുതുതായി ഏറ്റെടുത്ത 50 സെൻ്റ് ഭൂമി ഉപയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952