12 August, 2024 06:21:56 PM


ചൂരല്‍മല ശാഖയിലെ ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരളാ ബാങ്ക്



തിരുവനന്തപുരം: ചൂരല്‍മല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരളാ ബാങ്ക്. വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതി തള്ളുന്നതിനാണ് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരിക്കുന്നത്.

എത്രപേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നോ എത്ര രൂപയുടെ ബാധ്യതകള്‍ ബാങ്കില്‍ ദുരന്തബാധിതര്‍ക്ക് ഉണ്ടെന്നോ ഉള്ള വിവരങ്ങള്‍ ബാങ്ക് പുറത്തുവിട്ടിട്ടില്ല. അതേസമയം, തന്നെ മറ്റ് ശാഖകളില്‍ ബാധ്യതകള്‍ ഉള്ള ദുരന്തബാധിതര്‍ക്ക് ഈ സഹായം ലഭിക്കുമോ എന്നും വ്യക്തമാകേണ്ടതുണ്ട്. അതിനിടെ, കേരളാ ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. കൂടാതെ, കേരളാ ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928