15 August, 2024 11:27:49 PM


ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞ് ഷോക്കേറ്റ് വൈദികൻ മരിച്ചു



കാസർകോട്: ദേശീയപതാക താഴ്ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി കമ്ബിയിലേക്ക് മറിഞ്ഞുവീണ് ഷോക്കേറ്റ് വൈദികൻ മരിച്ചു. മുള്ളേരിയ ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരി തലശ്ശേരി അതിരൂപതാംഗം ഇരിട്ടി എടൂർ കുടിലില്‍ വീട്ടില്‍ ഫാ. മാത്യു കുടിലില്‍(ഷിൻസ് അഗസ്റ്റിൻ-29) ആണ് മരിച്ചത്. 


വ്യാഴാഴ്ച വൈകിട്ട് ആറു മണിക്കാണ് അപകടമുണ്ടായത്. ഉടൻ മുള്ളേരിയയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹ വികാരി മുള്ളേരിയ ബെല്ലി സ്വദേശി സെബിൻ ജോസഫിനെ (28) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


ദേശീയ പതാക താഴ്ത്തവേ പതാക, കെട്ടിയ കയറില്‍ കുരുങ്ങി. പതാക അഴിക്കാൻ സാധിക്കാതെ വന്നപ്പോള്‍ ഇരുമ്ബ് കൊടിമരം പൊക്കി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഭാരം മൂലം മറിയുകയും സമീപത്തുണ്ടായിരുന്ന എച്ച്‌.ടി. വൈദ്യുതി കമ്ബിയില്‍ തട്ടുകയുമായിരുന്നു. 


ഒന്നരവർഷം മുമ്ബാണ് ഫാദർ ഷിൻസ് മുള്ളേരിയ ചർച്ചിലെ വികാരിയായി ചുമതല ഏറ്റത്. 2020 ഡിസംബറിലാണ് വൈദിക പട്ടം ലഭിച്ചത്. തുടർന്ന് ചെമ്ബൻതൊട്ടി, നെല്ലിക്കമ്ബോയില്‍ എന്നിവിടങ്ങളില്‍ സഹവികാരിയായി ജോലി ചെയ്തിരുന്നു. മുള്ളേരിയയില്‍ ചുമതലയേറ്റ ശേഷം പുത്തൂർ സെന്റ് ഫിലോമിന കോളേജില്‍ എം.എസ്.ഡബ്ലിയുവിന് ചേർന്നിരുന്നു. കോളേജില്‍ രണ്ടാംവർഷ വിദ്യാർഥിയുമാണ്.


ആദൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് മോണ്‍സിഞ്ഞോർ മാത്യു ഇളംതുരുത്തി പടവില്‍, വിവിധ ഇടവകളിലെ വികരിമാർ, വിവിധ മഠങ്ങളില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ എന്നിവരും സ്ഥലത്തെത്തി. അച്ഛൻ: പരേതനായ അഗസ്റ്റിൻ. അമ്മ: ലിസി. സഹോദരങ്ങള്‍: ലിന്റോ അഗസ്റ്റിൻ, ബിന്റോ അഗസ്റ്റിൻ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K