18 August, 2024 05:57:20 PM
119 പേർ കാണാമറയത്ത്; വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കരട് പട്ടിക പുതുക്കി
കൽപറ്റ: വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 119 പേരാണ് കാണാമറയത്തുള്ളത്. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം കിട്ടിത്തുടങ്ങിയതിനു പിന്നാലെയാണ് കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്.
വയനാട് ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. മുണ്ടക്കൈ, ചൂരൽമല മേഖലകളിലും സൂചിപ്പാറ ചാലിയാർ പുഴയുടെ തീരങ്ങളിലും തെരച്ചിൽ നടക്കും. കഴിഞ്ഞ ദിവസങ്ങളിലെ ഇവിടെ നടന്ന തെരച്ചിലിൽ മൃതദേഹങ്ങളോ മൃതദേഹഭാഗങ്ങളോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വനത്തിനുള്ളിലൂടെയുള്ള തെരച്ചിലിന് പ്രദേശം പരിചയമില്ലാത്ത സന്നദ്ധ പ്രവര്‍ത്തകരെ നിലവിൽ അനുവദിക്കുന്നില്ല.
അതേസമയം ഡിഎൻഎ വിവരങ്ങൾ ഇനിയും സർക്കാർ പുറത്ത് വിട്ടിട്ടില്ല. കാണാതായവരുടെ അടുത്ത ബന്ധുക്കളുടെ രക്തസാമ്പിളുകളുടെ വിവരങ്ങൾ തമ്മിൽ താരതമ്യം ചെയ്യുന്ന നടപടി ആണ് ഇനി പൂർത്തീകരിക്കാൻ ബാക്കി ഉള്ളത്. ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നു. പൂര്‍ണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നീ വിവരങ്ങളാണ് ശേഖരിക്കുന്നത്
അതേസമയം, ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 400 ൽ ഏറെ കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ ഉണ്ട്.
വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികൾ അടങ്ങിയ പ്രത്യേക കിറ്റും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം. അതിനിടെ, ബാങ്ക് രേഖകൾ നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കാൻ ബാങ്കിംഗ് അദാലത്തും സംഘടിപ്പിച്ചിരുന്നു. കൂടുതൽ ഡിഎൻഎ സാമ്പിളുകളുടെ ഫലവും കിട്ടിത്തുടങ്ങിയിരുന്നു.