09 September, 2024 08:51:14 AM
13 കാരിയെ 40 കാരന് വിവാഹം കഴിപ്പിച്ചു; വിവാഹ ബ്രോക്കര്‍ അറസ്റ്റില്‍
മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട പതിമൂന്നു വയസ്സുകാരിയുടെ വ്യാജ രേഖയുണ്ടാക്കി ശൈശവ വിവാഹം നടത്തിയ കേസില്‍ വിവാഹ ദല്ലാളായ പൊഴുതന അച്ചൂരാനം കാടംകോട്ടില്‍ വീട്ടില്‍ കെ.സി സുനില്‍ കുമാറിനെ(36)യാണ് എസ്.എം.എസ് ഡിവൈ.എസ്.പി എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മാതാപിതാക്കളുടെ നിയമത്തിലുള്ള അജ്ഞത മറയാക്കിയും, കുട്ടിയുടെ ബന്ധുക്കള്‍ക്ക് പണം നല്‍കി സ്വാധീനിച്ചും ആധാര്‍ കാര്‍ഡിന്റെ കോപ്പിയില്‍ ജനന തീയതി തിരുത്തിയും ഉന്നത ജാതിയിലുള്ള കേസിലെ ഒന്നാം പ്രതിയുമായ വടകര പുതിയാപ്പ കുയ്യടിയില്‍ വീട്ടില്‍ കെ. സുജിത്തു(40) മായി 2024 ജനുവരി മാസം വിവാഹം നടത്തുകയായിരുന്നു. അതേസമയം ഇതിനായി സുജിത്തില്‍ നിന്നും സുനില്‍ കുമാര്‍ ബ്രോക്കര്‍ ഫീസായി കൂടിയ തുക കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. കൂടാതെ പ്രതിയുടെ ഫോൺ പരിശോധിച്ചതില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കൂടുതല്‍ പെണ്‍കുട്ടികളുടെ ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ നിയമത്തിലുള്ള അജ്ഞത മറയാക്കി ജില്ല കേന്ദ്രീകരിച്ച് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ജില്ലയ്ക്കകത്തും പുറത്തും വിവാഹവും പുനര്‍ വിവാഹവും നടത്തികൊടുക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചു വരുന്ന ദല്ലാള്‍ സംഘത്തെക്കുറിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണെന്നും എസ്.എം.എസ്. ഡി.വൈ.എസ്.പി അബ്ദുല്‍കരീം അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.