13 September, 2024 10:56:25 AM
കൂത്തുപറമ്പിൽ മദ്രസ വിദ്യാർഥി നേരിട്ടത് പ്രാകൃത പീഡനം; മദ്രസ അധ്യാപകനെതിരെ വധശ്രമത്തിന് കേസ്
കൂത്തുപറമ്പ്: മദ്രസ വിദ്യാർത്ഥിക്ക് അധ്യാപകന്റെ പ്രാകൃത രീതിയിലുള്ള ക്രൂരമർദ്ദനത്തിൽ വിദ്യാർത്ഥിയുടെ പരാതിയിൽ അധ്യാപകനെതിരെ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. അധ്യാപകനായ ഉമൈർ അഷ്റഫിക്കെതിരെയാണ് കേസെടുത്തത്. കൂത്തുപറമ്പ് കിണവക്കലിലെ മതപഠനശാലയിലെ 23 കാരനായ വിദ്യാർത്ഥി തിരുവനന്തപുരം വിഴിഞ്ഞത്തെ അജ്മൽ ഖാനാണ് ക്രൂര മർദ്ദനത്തിനിരയായത്.
ക്രൂര മർദ്ദനത്തെ തുടർന്ന് മതപഠന ശാലയിൽ നിന്നും രാത്രിയിൽ ആരും അറിയാതെ രക്ഷപ്പെടുകയായിരുന്നു അജ്മൽ. രക്ഷപ്പെട്ട് അടുത്ത ആരാധനാലയത്തിൽ എത്തപ്പെട്ട വിദ്യാർത്ഥിയെ അവിടെയുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് വീട്ടുകാരെത്തി കൊണ്ടു പോവുകയായിരുന്നു. സ്ഥാപനത്തിൽ നല്ലരീതിയിലുള്ള മതപഠനം ലഭിക്കുന്നില്ലെന്ന് പുറത്തുള്ളവരോട് പറഞ്ഞതിന്റെ വിരോധത്തെ തുടർന്ന് അധ്യാപകൻ ചൂരൽ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതായി പരാതിയിൽ പറയുന്നു.
കൂടാതെ കണ്ണുകളിലും മറ്റ് സ്ഥലങ്ങളിലും മുളക് അരച്ച് തേച്ചും തീരാക്രൂരതയാണ് നടത്തിയത്. ഈ മാസം ആറിന് പഠനശാലയിൽ വെച്ച് തടഞ്ഞു നിർത്തി ചൂടാക്കിയ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ഗുഹ്യഭാഗ ങ്ങളിൽ പൊള്ളിക്കുകയും ചെയ്തു. കട്ടിംഗ് പ്ലെയർ ഉപയോഗിച്ച് ശരീരത്തിന്റെ പല ഭാഗങ്ങളിലും പിടിച്ചു വലിച്ചും ക്രൂര പീഡനത്തിനാണ് വിദ്യാർത്ഥിയെ വിധേയനാക്കിയത്.
പൊതുവേ ശാന്ത സ്വഭാവക്കാരനായ അജ്മൽ എല്ലാം സഹിക്കുന്ന പ്രകൃതക്കാരനാണെന്ന് ബന്ധുക്കൾ പറഞ്ഞു. പിതാവും, മാതാവും ഇല്ലാത്ത അജ്മലിനെ സഹോദരങ്ങളും, ബന്ധുക്കളുടെയും സംരക്ഷണയിലാണ് ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത്. ഇത്രയും ക്രൂര മർദ്ദനങ്ങൾ അനുഭവിച്ചിട്ടും സ്ഥാപന അധികാരികൾ വീട്ടിൽ വിവരമറിയിക്കാത്തതിലും ബന്ധുക്കൾ രോഷാകുലരാണ്. വിഴിഞ്ഞം പൊലീസിൻ്റെ അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് ബന്ധുക്കൾ.