20 September, 2024 12:40:35 PM


വീടിനടുത്തുള്ള തോട്ടത്തില്‍ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



മാനന്തവാടി: അമ്പതുകാരനെ വീടിന് സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവക പാതിരിച്ചാല്‍ കുന്നത്ത് കെ ടി സുനില്‍ ആണ് മരിച്ചത്. മാനന്തവാടിയിലെ സ്റ്റീല്‍ ലാന്‍റ് എന്ന വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്ന സുനിലിന് ബാങ്ക് വായ്പ ഉള്‍പ്പെടെ 25 ലക്ഷം രൂപയുടെ കടബാധ്യതയുള്ളതായാണ് വിവരം. ഇതായിരിക്കാം ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സുനിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട് നിർമിക്കാനായി എടുത്ത വായ്പയും സ്വകാര്യ വ്യക്തികളില്‍ നിന്നു കടം വാങ്ങിയതും ഉള്‍പ്പെടെ 25 ലക്ഷം രൂപയിലധികം കടബാധ്യതയുണ്ടെന്ന്‌ സുനിലിന്റെ പിതാവിന്റെ സഹോദരന്റെ മകനും എടവക ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവുമായ ബിനു കുന്നത്ത് പറഞ്ഞു. മാനന്തവാടി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം വയനാട് ഗവ. മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്കു മാറ്റി. പരേതരായ കുന്നത്ത് തോമസിന്‍റെയും അന്നക്കുട്ടിയുടെയും മകനാണ് സുനില്‍. ഭാര്യ: റിൻസി. വിദ്യാർഥികളായ അൻസ മരിയാ സുനില്‍, അല്‍ന മരിയാ സുനില്‍, അഷ്‌വല്‍ സുനില്‍ എന്നിവർ മക്കളാണ്. സംസ്കാരം ഇന്ന് വൈകീട്ട്‌ മൂന്നിനു കല്ലോടി സെയ്‌ന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K