11 October, 2024 06:07:14 PM


ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കാസര്‍കോട് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍



കാസര്‍കോട്: ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു നല്‍കാത്തതില്‍ മനംനൊന്ത് ഫെയ്‌സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത് ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് സ്‌റ്റേഷനിലെ എസ്‌ഐ പി അനൂപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. എസ്‌ഐ അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നടപടി.

പിടിച്ചെടുത്ത ഓട്ടോ എസ്‌ഐ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കര്‍ണാടക മംഗളൂരു പാണ്ഡേശ്വരയിലെ കുദ്രോളി അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തത്. കാസര്‍കോട് ടൗണില്‍ നെല്ലിക്കുന്ന് ബീച്ച് റോഡ് ജങ്ഷനില്‍ റോഡിനു നടുവില്‍ വഴി തടസ്സം ഉണ്ടാക്കി എന്നാരോപിച്ചാണ് ഓട്ടോയുടെ താക്കോല്‍ പൊലീസ് ഊരിയെടുത്തെത്. പിന്നീട് സ്റ്റേഷനിലെത്തിച്ച ഓട്ടോ 5 ദിവസം കഴിഞ്ഞും വിട്ടു കിട്ടാത്തതിനെ തുടര്‍ന്ന് സത്താര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഹൃദ്രോഗി ആണെന്നതിന്റെ രേഖകളും പൊലീസിനെ കാണിച്ച് തന്റെ ദയനീയാവസ്ഥ പറഞ്ഞിട്ടും പൊലീസ് കേട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ആരോപണ വിധേയനായ കാസര്‍കോട് എസ്‌ഐ പി.അനൂപിനെ ചന്തേരയിലേക്ക് സ്ഥലം മാറ്റിയിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K