22 November, 2024 09:02:29 AM
കാസര്‍കോട് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; പാൽ വിതരണം നിർത്തി വച്ചു
കാസർഗോഡ്: കാസർഗോഡ് നായന്മാർമൂല ആലംപാടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ഇന്ന് ശേഖരിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം. സ്കൂളിലെ പാൽ വിതരണം നിർത്തി വച്ചു.
ആശുപത്രിയിൽ ചികിത്സയിൽ ഉള്ള വിദ്യാർത്ഥികളിൽ ആരുടെയും നില ഗുരുതരമല്ല. 30 കുട്ടികളാണ് ചികിത്സ തേടിയത്. ഭക്ഷ്യ വിഷബാധ ഉണ്ടായത് സ്കൂളിൽ നിന്ന് നൽകിയ പാലിൽ നിന്നെന്ന് സംശയം. പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അധ്യാപിക പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് 3.15 നാണ് പാൽ വിതരണം നടത്തിയത്.
എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികളിൽ പലരും സ്കൂളിൽ വച്ചുതന്നെ പാൽ കുടിച്ചിരുന്നു. ചില വിദ്യാർഥികൾ പാൽ വീട്ടിലേക്ക് കൊണ്ടുപോയി. വൈകുന്നേരം ആയപ്പോഴാണ് കുട്ടികളിൽ പലർക്കും ഛർദ്ദി രൂക്ഷമായത്. തുടർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.