26 November, 2024 01:20:57 PM


വയനാട്ടിൽ ആദിവാസി കുടിലുകൾ പൊളിച്ച സംഭവം; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ



കൽപ്പറ്റ: വയനാട്ടിൽ ആദിവാസികളുടെ കുടിലുകൾ പൊളിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണന് സസ്പെൻഷൻ. അന്വേഷണ വിധേയമായാണ് ടി കൃഷ്ണനെ സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖല സി സി എഫ് കെ എസ് ദീപയാണ് സസ്പെൻഷന് ഉത്തരവിട്ടത്. ഞായറാഴ്ചയാണ് വനം വകുപ്പ് ജീവനക്കാർ ആദിവാസികളുടെ മൂന്ന് കുടിലുകൾ പൊളിച്ചത്.

കുടിലുകൾ പൊളിച്ച് മാറ്റപ്പെട്ട ആദിവാസി കുടുംബങ്ങളെ നേരത്തെ ഫോറസ്റ്റ് ക്വാർട്ടേഴ്സിലേക്ക് മാറ്റിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളും ഡി എഫ് ഓ യുമായി നടത്തിയ ചർച്ചയിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. വനം വകുപ്പിന്റെ ഡോർമിട്ടറി റൂമിലേക്കാണ് മൂന്ന് കുടുംബങ്ങളെ മാറ്റിയത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ചതായി സിദ്ദിഖ് എംഎൽഎ വ്യക്തമാക്കിയിരുന്നു.

തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ ബേഗൂരിലായിരുന്നു വനം വകുപ്പിന്റെ ക്രൂരത. 16വര്‍ഷമായി താമസിച്ചിരുന്ന കുടുംബങ്ങള്‍ക്കാണ് രാത്രി ഇരുട്ടിവെളുക്കും മുമ്പേ കുടിലുകള്‍ നഷ്ടമായത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലത്തെത്തി തങ്ങളോട് ഷെഡ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ പുതിയ ഷെഡ് പണിയാതെ കുടില്‍ ഒഴിയില്ലെന്ന് കുടുംബങ്ങൾ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് കുടിലുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പൊളിച്ചുനീക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932