27 November, 2024 11:29:31 AM
ബി.ജെ.പി വയനാട് ജില്ല മുൻ അധ്യക്ഷനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യർ
കല്‍പ്പറ്റ: ബി.ജെ.പിയിൽ നിന്ന് രാജിവെച്ച വയനാട് ജില്ല മുൻ അധ്യക്ഷൻ കെ.പി മധുവിനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യർ. നേരത്തെ ബിജെപിയിൽ സന്ദീപ് വാര്യർക്ക് വയനാടിന്റെ ചുമതലയുണ്ടായിരുന്നു. ഈ ആത്മ ബന്ധം കൂടി കണക്കിലെടുത്താണ് മധുവുമായി സന്ദീപ് ചർച്ച നടത്തുന്നത്. ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് മധു.
ഇടത്, വലത് മുന്നണികളിൽ നിന്നുള്ളവർ മധുവുമായി ഇതിനകം ചർച്ച നടത്തി കഴിഞ്ഞു. പൊതുപ്രവർത്തന രംഗത്ത് സജീവമാകാൻ തന്നെയാണ് മധുവിന്റെ തീരുമാനം. സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് മാറുന്ന സാഹചര്യത്തിൽ താനുമായി ചർച്ച നടത്തിയെന്നും അന്ന് നിരുത്സാഹപ്പെടുത്താനാണ് ശ്രമിച്ചതെന്ന് മധു മാധ്യമങ്ങളോട് പറഞ്ഞു.
ഒമ്പതു മാസം മുമ്പാണ് മധുവിനെ സ്ഥാനത്തുനിന്ന് നീക്കിയത്. വന്യജീവി ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെ പുൽപള്ളിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയെ തുടർന്നാണിത്. ളോഹയിട്ട ചിലരാണ് സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്നായിരുന്നു പ്രസ്താവന.