29 November, 2024 09:46:54 AM


നവീൻ ബാബുവിൻ്റെ മരണം; കണ്ണൂർ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി



കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട്  ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം ആണ് മൊഴി എടുത്തത്. 'ഒരു തെറ്റുപറ്റി' എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴി എടുത്തത്.

തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു.  മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  പി പി ദിവ്യയെ രക്ഷിക്കാൻ കളക്ടർ കൂട്ട് നിൽക്കുകയാണെന്നായിരുന്നു ആരോപണം. ഇതേ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മൊഴി എടുത്തത്.  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ പോയതിന് പിറകെയാണ് നടപടി. 

ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ നടത്തിയ വകുപ്പ് തല അന്വേഷണത്തിലും കളക്ടർ സമാന മൊഴി നൽകിയിരുന്നു. അതേസമയം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ കളക്ടർ തന്നെ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഇക്കാര്യം ഇല്ലായിരുന്നു. ഒക്ടോബർ 22 നാണ് പോലീസ് കളക്ടറുടെ മൊഴി ആദ്യം രേഖപ്പെടുത്തിയത്. അന്ന് നൽകിയ വിവരങ്ങൾ തന്നെയാണ് ഇപ്പോൾ വീണ്ടും ആവർത്തിച്ചത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936