12 December, 2024 09:43:14 AM


'കള്ളൻ, ഒറ്റുകാരൻ'; എം കെ രാഘവനെതിരെ പയ്യന്നൂരിൽ പോസ്റ്ററുകൾ



കണ്ണൂർ: പയ്യന്നൂരിൽ എം കെ രാഘവൻ എംപിക്കെതിരെ പോസ്റ്ററുകൾ. എം കെ രാഘവൻ ഒറ്റുകാരനെന്നും, മാപ്പില്ലെന്ന എന്നുമാണ് പോസ്റ്ററിലെ പരാമർശം. കോൺഗ്രസ്സ് ഓഫീസിന്റെ ചുവരിലും പയ്യന്നൂർ നഗരത്തിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

എം കെ രാഘവൻ എം പി ചെയർമാനായ മാടായി കോളേജ് ഭരണസമിതി കോഴ വാങ്ങി, 2 സിപിഐഎം പ്രവർത്തകർക്ക് ജോലി നൽകിയെന്നാണ് കോൺഗ്രസ് പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും ആരോപണം. എം കെ രാഘവനെതിരെ പ്രവർത്തകർ തെരുവിലിറങ്ങിയതോടെ വിവാദം കൈവിട്ടു. എം കെ രാഘവൻ സംഘടനാ താല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചു എന്നാണ് കണ്ണൂർ ഡിസിസി നിലപാട്. ഇതിനെതിരെ രാഘവൻ തുറന്നടിച്ചതോടെ നേതാക്കൾക്കിടയിലും തർക്കം.

പ്രശ്നപരിഹാരത്തിന് കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയിൽ കെ ജയന്ത് , അബ്ദുൽ മുത്തലിബ് എന്നിവരാണ് അംഗങ്ങൾ. എന്നാൽ സമവായ നീക്കങ്ങൾക്കിടെയും പ്രതിഷേധത്തിന് കുറവില്ല. മാടായി കോളജ് ഭരണസമിതി അംഗവും പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ കെ ജയരാജിനെ വിമത വിഭാഗം കയ്യേറ്റം ചെയ്തു. കണ്ണൂർ പഴയങ്ങാടിയിലും കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തെരുവ് യുദ്ധംമുണ്ടായി. എം കെ രാഘവൻ അനുകൂലികളും വിമത വിഭാഗവും ഏറ്റുമുട്ടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K